Homepage Featured Kerala News

പുൽപ്പള്ളി കള്ളക്കേസ്: കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ട്; താൻ നിരപരാധിയെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടില്ല:തങ്കച്ചൻ

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ താൻ നിരപരാധിയെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞിരുന്നതായി തങ്കച്ചൻ. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 17 ദിവസത്തെ ജയിൽവാസത്തിന് ശേഷം തങ്കച്ചൻ മോചിതനായി. തങ്കച്ചൻ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 22ന് രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പൊലീസ് പ്രാദേശിക കോൺഗ്രസ് നേതാവായ തങ്കച്ചന്റെ വീട്ടിൽ പരിശോധന നടത്തിയത്. പോർച്ചിൽ കിടന്നിരുന്ന കാറിന്റെ അടിയിൽ കവറിൽ സൂക്ഷിച്ച നിലയിൽ 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെത്തി. അറസ്റ്റ് ചെയ്ത തങ്കച്ചനെ പോലീസ് വൈത്തിരി സബ്ജയിലിലേക്ക് മാറ്റുകയായിരുന്നു.

കവറിൽ ഫിംഗർപ്രിന്റ് പരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. പ്രഥമ ദൃഷ്ടിയാൽ നോക്കിയാൽ തന്നെ ആരോ കൊണ്ടുവെച്ചതാണെന്ന് മനസ്സിലാകും. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പ്രശ്നങ്ങളാണ് കേസിന് പിന്നിൽ. വീട്ടിൽ കിടത്തി ഉറക്കില്ലെന്ന് ഭീഷണി ഉണ്ടായിരുന്നു. ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതി ചൂണ്ടയിൽ ഇട്ട ഇര മാത്രമാണ്. യാഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണം. ചെയ്യാത്ത കുറ്റത്തിനാണ് 17 ദിവസം ജയിലിൽ കിടന്നത്. പ്രതിയെ പിടിച്ചില്ലായിരുന്നെങ്കിൽ 60 ദിവസം ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎ ജയിലിൽ കാണാൻ വന്നിരുന്നു. ​ഗ്രൂപ്പ് പോരിന്റെ ഇരയാണ് താനെന്നും കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും തങ്കച്ചൻ പറഞ്ഞു. അതേസമയം, അറസ്റ്റിലായ തങ്കച്ചനെ അറിയില്ലെന്നും സംഭവവുമായി ഒരു ബന്ധവുമില്ലെന്നും ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ പറഞ്ഞു.

Related Posts