കുവൈത്ത് സിറ്റി: പിണങ്ങിയ ഭാര്യാഭർത്താക്കന്മാരെ ഒന്നിപ്പിക്കും. രോഗശാന്തി നൽകും, കൂടോത്രത്തിൽ നിന്ന് രക്ഷിക്കും. നാളുകളായി ഇത്തരം പ്രലോഭനങ്ങൾ നൽകി ആളുകളിൽ നിന്ന് പണം തട്ടിയെടുത്ത മന്ത്രവാദിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രവാദികളെയും ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരെയും പിടികൂടാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള അഹ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെൻ്റ് രൂപീകരിച്ചിട്ടുണ്ട്. ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത് നിരീക്ഷിച്ചുവരികയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചികിത്സയിലൂടെ രോഗങ്ങൾ ഭേദമാക്കാനും വന്ധ്യത മാറ്റാനും ഭാര്യാഭർത്താക്കന്മാരെ ഒരുമിപ്പിക്കാനും കൂടോത്രങ്ങൾ മാറ്റാനുമെല്ലാം സാധിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തിരുന്നത്.
ഇത്തരം തട്ടിപ്പുകാരെ പിടിക്കാൻ ശ്രമം തുടരുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. “ഭാഗ്യം കൊണ്ടുവരാനും, സമ്പത്ത് വർദ്ധിപ്പിക്കാനും, പിണങ്ങിയ ഭാര്യാഭർത്താക്കന്മാരെ ഒന്നിപ്പിക്കാനും, ഭർത്താക്കന്മാരെ വിവാഹത്തിന് പ്രേരിപ്പിക്കാനുമെല്ലാം സാധിക്കുമെന്ന്” അവകാശപ്പെടുന്ന നിരവധി സോഷ്യൽ മീഡിയ പരസ്യങ്ങൾ കണ്ടെത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം തട്ടിപ്പു വീരന്മാർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും മന്ത്രലയം അറിയിച്ചു. എല്ലാത്തരം ബ്ലാക്ക് മാജിക്കും കുവൈറ്റിൽ കുറ്റകരമാണ്.
.