തൃശൂര്‍: പീച്ചി കസ്റ്റഡി മര്‍ദനത്തിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്തു. ഹോട്ടല്‍ ജീവനക്കാരെയും മാനേജരേയും പൊലീസ് സ്റ്റേഷന് അകത്ത് വെച്ച് മര്‍ദിച്ച സംഭവത്തില്‍, എസ്ഐ പണം നല്‍കാന്‍ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹോട്ടല്‍ മാനേജര്‍ ഔസേപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർവീസിൽ നിന്ന് എസ്ഐ രതീഷിനെ പിരിച്ചുവിടണമെന്നാണ് ഹോട്ടൽ ഉടമ ഔസേപ്പ് ആവശ്യപ്പെടുന്നത്. പരാതി നിലനിൽക്കെ ഒരു മാസത്തിനുള്ളിൽ രതീഷിന് പ്രമോഷൻ നൽകി എന്നും ഔസേപ്പ് പറഞ്ഞു. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല എന്നും ഔസേപ്പ് പറയുന്നു
2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മർദിച്ചത്. പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എസ്ഐ ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു എന്നും ഔസേപ്പ് പറഞ്ഞു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം.
ഭക്ഷണം മോശമാണെന്ന് പരാതിപറഞ്ഞ ദിനേശന്‍ എന്നയാൾക്ക് പണം നല്‍കിയില്ലെങ്കില്‍ വധശ്രമത്തിനും പോക്സോയും ചുമത്തി ജാമ്യം കിട്ടാത്ത വിധം ജയിലില്‍ അടക്കുമെന്നും അതൊഴിവാക്കാന്‍ പണം നല്‍കി സെറ്റില്‍മെന്‍റ് നടത്തണമെന്നും എസ്ഐ ആവശ്യപ്പെട്ടു എന്നാണ് ഔസേപ്പ് പറയുന്നത്. ഹോട്ടൽ ജീവനക്കാർക്ക് എതിരെ കേസെടുക്കാതിരിക്കാൻ അഞ്ചു ലക്ഷമാണ് ആവശ്യപ്പെട്ടത്. മൂന്നു ലക്ഷം പൊലീസിനും രണ്ടു ലക്ഷം പരാതിക്കാരനും. പണം കൈമാറിയത് ഹോട്ടൽ ഉടമയുടെ വീട്ടിൽ വെച്ചുതന്നെയാണ്.