തിരുവനന്തപുരം: കഴക്കൂട്ടത്ത് മദ്യവഹരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. ഉള്ളൂർക്കോണം വലിയവിള സ്വദേശി ഉല്ലാസാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിലാണ് ഉല്ലാസിനെ കണ്ടെത്തിയത്, വീടിന്റെ ഹാളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മദ്യലഹരിയിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അടുത്ത വീട്ടിലായിരുന്ന ഭാര്യ ഉഷയെ വിളിച്ച് ഉല്ലാസ് രക്തത്തിൽ കുളിച്ചു കിടക്കുന്നതായി ഉണ്ണികൃഷ്ണൻ തന്നെയാണ് പറഞ്ഞത്. ഉഷ വന്നു നോക്കുമ്പോൾ ഹാളിൽ മകൻ ഉല്ലാസിനെ മരിച്ച നിലയിൽ കണ്ടത്. അപ്പോൾ തന്നെ ഉഷ പോത്തൻകോട് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥിരമായി മദ്യപിച്ചു വന്ന് അച്ഛനും മകനും വീട്ടിൽ ബഹളമുണ്ടാക്കുന്നതിനാൽ ഉണ്ണികൃഷ്ണന്റെ ഭാര്യ ഉഷ അടുത്ത വീട്ടിലായിരുന്നു താമസം. സംഭവവുമായി ബന്ധപ്പെട്ട് പോത്തൻകോട് പോലീസ് അച്ഛൻ ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്തു.