വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് വഴിയൊരുങ്ങുന്നു. അടുത്തമാസം ദക്ഷിണകൊറിയയിൽ വെച്ച് നടക്കാനിരിക്കുന്ന അപെയ്ക്ക് (ഏഷ്യ പസഫിക്ക് സാമ്പത്തിക ഇക്കണോമിക്ക് കോ-ഓപ്പറേഷൻ) യോഗത്തിൽ വെച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ജിയോങ്ജു നഗരത്തിലാണ് അപെയ്ക്ക് ഉച്ചകോടി നടക്കുന്നത്.
യുഎസും ചൈനയുമായുള്ള വ്യാപാര തർക്കം തുടരുന്നതിനിടയിലാണ് ഇങ്ങനൊരു ചർച്ചയ്ക്ക് രണ്ട് നേതാക്കളും തയ്യാറാവുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചക്ക് ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അതിനെക്കുറിച്ച് ഇതുവരെ വൈറ്റ് ഹൗസ് അധികൃതർ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ലെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ചൈന ഉത്തരക്കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി യുഎസിന്റെ ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു കൂടിക്കാഴ്ച്ച നടക്കാൻ പോകുന്നത്. ഈ കൂടിക്കാഴ്ച്ചയിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നതിനായുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. അടുത്തിടെ നടന്ന കൂടിക്കാഴ്ച്ചയിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യൂങാണ് ട്രംപിനെ അപെയ്ക്ക് ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്.
കഴിഞ്ഞ മാസം ഇരു നേതാക്കളും തമ്മിൽ ഫോൺ സംഭാഷണം നടന്നിരുന്നു, സംഭാഷണത്തിനിടയിൽ ഷി ട്രംപിനെയും ഭാര്യയേയും ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.ദക്ഷിണകൊറിയൻ സന്ദർശനത്തിനു ശേഷം ട്രംപ് ചൈന സന്ദർശിക്കുമെന്ന അഭ്യൂഹങ്ങളും തള്ളിക്കളയാനാവില്ല.
ഏപ്രിലിൽ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങൾക്ക് അമേരിക്ക 145 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു , അതിന് തിരിച്ചടിയായി ചൈന അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങൾക്ക് 125 ശതമാനം തീരുവയും ചുമത്തി. എന്നാൽ ഇത് നവംബർ വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.