Homepage Featured India News

60 കോടി രൂപ വാങ്ങി വഞ്ചിച്ചു; ഷിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് സർക്കുലർ

മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് മുംബൈ പൊലീസ്. വ്യവസായ വിപുലീകരണത്തിന്റെ പേരിൽ അറുപത് കോടി രൂപ കൈപറ്റിയെന്ന കേസിലാണ് നടപടി. ഒരു വ്യക്തി രാജ്യം വിടുന്നത് തടയുന്നതിനോ അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനോ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ലുക്ക്ഔട്ട് സർക്കുലർ, സാധാരണയായി ഇമിഗ്രേഷൻ, അതിർത്തി നിയന്ത്രണ പോയിന്റുകൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ഇതുവഴി ചെയ്യുന്നത്. 

ബൈ ആസ്ഥാനമായ വ്യവസായി ദീപക് കോത്താരിയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിൽ നടത്തിയ നിക്ഷേപ ഇടപാടാണ് കേസിന് ആധാരം. 

2015-2016 കാലഘട്ടത്തിൽ ബിസിനസ് വിപുലീകരണത്തിനായാണ് ദീപക് കോത്താരി 60.48 കോടി രൂപ രണ്ട് ഗഡുക്കളായി ഇരുവർക്കുമായി നൽകിയത്. 

ബിസിനസ് വിപുലീകരണത്തിനായി നിക്ഷേപമെന്ന നിലയിൽ കോത്താരി 2015 ഏപ്രിലിലാണ് ആദ്യ ഗഡുവായ 31.95 കോടി രൂപ കൈമാറിയത്. 2016 മാർച്ചിൽ 28.54 കോടി രൂപ കൂടി കൈമാറി. എന്നാൽ മാസങ്ങൾക്ക് ശേഷം, സെപ്റ്റംബറിൽ, ശിൽപ്പ ഷെട്ടി കമ്പനിയുടെ ഡയറക്ടർ സ്ഥാനം രാജിവച്ചു. ഇത് തന്നെ അറിയിക്കുകയോ നിക്ഷേപത്തെ കുറിച്ച് സംസാരിക്കുകയോ ചെയ്തില്ലെന്നും കോത്താരി വ്യക്തമാക്കി. 

ശിൽപ ഷെട്ടി കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് ഉയർന്നുവന്നു. ഇതോടെ താൻ നിക്ഷേപിച്ച പണത്തിനായി കോത്താരി താര ദമ്പതികളെ ബന്ധപ്പെട്ടെങ്കിലും ഇവർ പണം തിരികെ നൽകിയില്ല. ബിസിനസ് ആവശ്യങ്ങൾക്കായി കൈപ്പറ്റിയ പണം ഇവർ വ്യക്തിപരമായ ചെലവുകൾക്കായി ഉപയോഗിച്ചുവെന്നും കോത്താരി തന്റെ പരാതിയിൽ ആരോപിക്കുന്നു. 

വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുംബൈ ജുഹു പൊലീസ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ 10 കോടി രൂപയ്ക്കു മുകളിലുള്ള കേസ് ആയതിനാൽ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറുകയായിരുന്നു. നിലവിൽ സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന വിഭാഗത്തിന്റെ പരിഗണനയിലാണ് കേസ്. ഇതാദ്യമായല്ല ശില്പ ഷെട്ടിയും രാജ് കുന്ദ്രയും വിവാദത്തിൽ പെടുന്നത്. മുൻപ് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസ് സ്വർണ വ്യാപാരിയിൽ നിന്ന് 90 കോടി രൂപ തട്ടിയെന്ന കേസായിരുന്നു.

Related Posts