തൃശ്ശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ നടപടി. സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു. ഉത്തരമേഖലാ ഐജിക്കാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്. ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു.
പൊലീസുകാര്‍ക്കെതിരെയുള്ള അച്ചടക്കനടപടി പുനപരിശോധിക്കുന്നതിന് ഡിജിപി നേരത്തെ നിയമോപദേശം തേടയിരുന്നു. ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനപ്പരിശോധിക്കാനാണ് ഡിജിപിയുടെ തീരുമാനം. എന്നാൽ, കോടതിയിൽ കേസ് നിൽക്കുമ്പോൾ പുനപ്പരിശോധ സാധ്യമാണോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. കോടതി അലക്ഷ്യമാകില്ല എന്നാണ് നിയമോപദേശമെങ്കിൽ ഉടൻ തന്നെ അച്ചക്കട നടപടി പുനപ്പരിശോധിക്കാനാണ് നീക്കം.
നിലവിൽ 3 പൊലീസുകാരുടെ രണ്ട് ഇൻഗ്രിമെന്റ് റദ്ദാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. എന്നാൽ സുജിത്തിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് കോൺഗ്രസ് ആവശ്യം. നിലവിൽ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന സംഭവ സമയത്ത് പൊലീസ് ഡ്രൈവറായിരുന്ന ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും സ്വീകരിച്ചട്ടില്ലെന്ന ആരോപണവും സുജിത്തും കോൺഗ്രസും ഉയർത്തുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നും നേരത്തെ തന്നെ ഡിജിപി വ്യക്തമാക്കിയിരുന്നു. കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് റവാഡാ ചന്ദ്രശേഖർ ഐപിഎസ് കൂട്ടിച്ചേർത്തു. “സംഭവത്തിൽ കർശന നടപടി ഉറപ്പാണ്. പൊലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണം. മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണം. സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകും. ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തും. വീഴ്ച്ച വന്നാൽ കടുത്ത നടപടിയെടുക്കും.” ഡിജിപി വ്യക്തമാക്കി.