തൃശ്ശൂർ: കുന്നംകുളംകസ്റ്റഡിമർദനകേസിൽനിയമോപദേശംതേടിസംസ്ഥാനപൊലീസ്മേധാവി. പൊലീസുകാര്‍ക്കെതിരെയുള്ള അച്ചടക്കനടപടി പുനപരിശോധിക്കുന്നതിനാണ് ഡിജിപി നിയമോപദേശം തേടയിരിക്കുന്നത്. ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനപ്പരിശോധിക്കാനാണ് ഡിജിപിയുടെ തീരുമാനം. എന്നാൽ, കോടതിയിൽ കേസ് നിൽക്കുമ്പോൾ പുനപ്പരിശോധ സാധ്യമാണോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. കോടതി അലക്ഷ്യമാകില്ല എന്നാണ് നിയമോപദേശമെങ്കിൽ ഉടൻ തന്നെ അച്ചക്കട നടപടി പുനപ്പരിശോധിക്കാനാണ് നീക്കം.
നിലവിൽ 3 പൊലീസുകാരുടെ രണ്ട് ഇൻഗ്രിമെന്റ് റദ്ദാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. എന്നാൽ സുജിത്തിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് കോൺഗ്രസ് ആവശ്യം. നിലവിൽ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന സംഭവ സമയത്ത് പൊലീസ് ഡ്രൈവറായിരുന്ന ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും സ്വീകരിച്ചട്ടില്ലെന്ന ആരോപണവും സുജിത്തും കോൺഗ്രസും ഉയർത്തുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ നടപടിക്കുള്ള സാധ്യത വ്യക്തമാക്കികൊണ്ട് ഡിജിപി നിയമോപദേശം തേടിയിരിക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നും നേരത്തെ തന്നെ ഡിജിപി വ്യക്തമാക്കിയിരുന്നു. കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് റവാഡാ ചന്ദ്രശേഖർ ഐപിഎസ് കൂട്ടിച്ചേർത്തു. “സംഭവത്തിൽ കർശന നടപടി ഉറപ്പാണ്. പൊലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണം. മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണം. സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകും. ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തും. വീഴ്ച്ച വന്നാൽ കടുത്ത നടപടിയെടുക്കും.” ഡിജിപി വ്യക്തമാക്കി.
അതേസമയം, സംഭവം രാഷ്ട്രീയ ആയുധമാക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. സുജിത്തിനെ തല്ലിയ പൊലീസുകാരൻ ശശിധരന്റെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ തിരുവോണ നാളായ ഇന്നലെ മാർച്ച് നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സുജിത്തിനെ ഇന്ന് നേരിട്ട് കണ്ടു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സുജിത്തിനെ കണ്ട് മുന്നോട്ടുള്ള പോരാട്ടത്തിന് പാർട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സതീശൻ പ്രതികരിച്ചത്.
കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോൺഗ്രസ് നയിക്കുമെന്നാണ് വിഡി സതീശൻ ഇന്നലെ പറഞ്ഞത്. ശക്തമായ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസും നടത്തുന്നത്. ഇന്ന് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥൻ ശശിധരന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥൻ സജീവന്റെ വീടിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗുണ്ടകളെന്ന് ആലേഖനം ചെയ്ത പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. തിരുവോണദിനത്തിൽ തൃശൂർ ഡിഐജി ഓഫീസിന് മുമ്പിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതീകാത്മക കൊലച്ചോറ് സമരവും സംഘടിപ്പിച്ചു.