രക്തചന്ദ്രൻ എന്ന പൂർണ ചന്ദ്രഗ്രഹണത്തിനു സാക്ഷിയാവാൻ ലോകം ഒരുങ്ങി കഴിഞ്ഞു. ദശബ്ദത്തിലെ മനോഹരമായ ചന്ദ്രഗ്രഹണങ്ങളിലൊന്നാണ് വരാനിരിക്കുന്നത്. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്ന പ്രതിഭാസമാണ് ചന്ദ്ര ഗ്രഹണം. സെപ്റ്റംബർ 7, 8 തിയതികളിലാണ് പൂർണ ചന്ദ്ര ഗ്രഹണം നടക്കും. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും പൂർണ ഗ്രഹണം ദൃശ്യമാകും.
കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി കാണാൻ സാധിക്കും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടുമാണ് ഗ്രഹണം നീണ്ട് നിൽക്കുക. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടുമാണ് ഉണ്ടാവുക.
സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച രാത്രി ഏതാണ്ട് ഒൻപതു മണിയോടെ ആരംഭിക്കുന്ന ഗ്രഹണം സെപ്റ്റംബർ എട്ടിന് പുലർച്ചെ 2.24 വരെയാണ് നീണ്ടു നിൽക്കുക. രാത്രി 11.01 ആകുന്നതോടെ ചന്ദ്രൻ പൂർണമായി ഭൂമിയുടെ നിഴലിൽ ആകും. ഈ സമയത്താണ് ചന്ദ്രക്കലയിലെ നിറംമാറ്റം ദൃശ്യമാവുക. ചുവപ്പോ ഓറഞ്ചോ മഞ്ഞയോ അല്പം നീലയോ അഥവാ ഇവയെല്ലാം കലർന്ന നിറമോ ആയിരിക്കും ദൃശ്യമാവുക.
11.42-ന് ചന്ദ്ര ഗ്രഹണം പൂർണമാകും. 12.22-ന് പൂർണഗ്രഹണഘട്ടം അവസാനിക്കും. അതായത്, 11.01 മുതൽ 12.22 വരെ ഏതാണ്ട് 82 മിനിറ്റ് നമുക്ക് പൂർണഗ്രഹണം അനുഭവപ്പെടും.
എന്താണ് റെഡ് മൂൺ?
ഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പോ ഓറഞ്ചോ നിറത്തിലാണ് കാണപ്പെടുക. ചന്ദ്രനിൽ ഭൂമിയുടെ നിഴൽ പതിയുന്ന അതേ സമയത്ത് ത്തന്നെ, സൂര്യരശ്മികൾ ഭൂമിയുടെ അന്തരീക്ഷത്തിൽ തട്ടിച്ചിതറി ചന്ദ്രനിൽ പതിക്കുന്നു. തരംഗദൈർഘ്യം കൂടിയ ചുവന്ന പ്രകാശമാണ് ഈയവസരത്തിൽ ചന്ദ്രന്റെ ഉപരിതലത്തിൽ പ്രതിഫലിക്കുക. അങ്ങനെ ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു.
ഏതെല്ലാം രാജ്യങ്ങളിൽ ദൃശ്യമാകും?
ഏഷ്യ, പടിഞ്ഞാറൻ ഓസ്‌ട്രേലിയ തുടങ്ങി പല രാജ്യങ്ങളിലും പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. അതേസമയം, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ഗ്രഹണം ഭാഗികമായി മാത്രമെ ദൃശ്യമാകൂ. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ മിക്ക ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകില്ല.
ഇന്ത്യയിൽ പൂർണഗ്രഹണം കാണാവുന്ന ഇടങ്ങൾ
വടക്കേ ഇന്ത്യ: ഡൽഹി, ചണ്ഡീഗഢ്, ജയ്പൂർ, ലഖ്‌നൗ
പശ്ചിമ ഇന്ത്യ: മുംബൈ, അഹമ്മദാബാദ്, പൂനെ
ദക്ഷിണേന്ത്യ: ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി
കിഴക്കേ ഇന്ത്യ: ഗുവാഹത്തി
കൊൽക്കത്ത, ഭുവനേശ്വർ.
മധ്യ ഇന്ത്യ: ഭോപ്പാൽ, നാഗ്പൂർ, റായ്പൂർ
ഇന്ത്യയിലെ പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയം
ഗ്രഹണത്തിന്റെ പൂര്‍ണ്ണ ദശാഘട്ടം 82 മിനിറ്റ് നീണ്ടു നില്‍ക്കും.
ഗ്രഹണം ആരംഭിക്കുന്നത്: രാത്രി 8:58 (IST) (സെപ്റ്റംബര്‍ 7)
ബ്ലഡ് മൂണ്‍ ഘട്ടം: രാത്രി 11:00 (IST) മുതല്‍ പുലര്‍ച്ചെ 12:22 (IST) വരെ ഗ്രഹണം
ഗ്രഹണം അവസാനിക്കുന്നത്: പുലര്‍ച്ചെ 2:25 (IST) (സെപ്റ്റംബര്‍ 8)
ബ്ലഡ് മൂൺ ചന്ദ്ര ഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് വീക്ഷിക്കാവുന്നതാണ്. ചന്ദ്രനിലെ ഗർത്തങ്ങൾ, ചുവന്ന ഗ്രേഡിയൻ്റ് തുടങ്ങിയ കാണുന്നതിന് ബൈനോക്കുലറോ, ദൂരദർശിനിയോ ഉപയോഗിക്കാം.