News World

‘കൂടുതൽ ഇരുണ്ട’ ചൈനയിലേക്ക്; ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ്

ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയ്ക്ക് പിന്നാലെ റഷ്യയെയും ഇന്ത്യയെയും പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹ മാധ്യമങ്ങളിലെഴുതിയ കുറിപ്പിലൂടെയാണ് ട്രംപ് ആഗോള തലത്തിൽ പുതിയതായി ഉരിതിരിഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ പരിഹസിക്കുന്നത്. ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നുവെന്ന് ട്രംപ് കുറിച്ചു. ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്‍റെ ഈ പ്രതികരണം.

“ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ!” നരേന്ദ്ര മോദി, പുടിൻ, ഷീ ജിൻപിംഗ് എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 

അതേസമയം റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപിന്റെ ഉപദേഷ്ടാവ് നടത്തിയ പ്രസ്താവനയ്ക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. പ്രസ്താവന അസ്വീകര്യമാണന്നും പിൻവലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രാഹ്‌മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നു. അത് നിർത്തേണ്ടതുണ്ടെന്നുമാണ് ട്രേഡ് ആന്റ് മാനുഫാക്ചറിംഗ് സീനിയർ കൗൺസിലറായ നവാരോ ഫോക്‌സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യൻ നേതാവ് എങ്ങനെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും സഹകരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപിന് വളരെ നല്ല വ്യക്തിബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാൽ അത് അവസാനിച്ചുവെന്നും യുഎസ് മുൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞു. യുഎസ് പ്രസിഡന്റുമായി ഇനി അടുത്ത ബന്ധം പുലർത്തിയാലും ലോകനേതാക്കൾക്ക് വലിയ ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ബോൾട്ടൻ. “ട്രംപിന് മോദിയുമായി വ്യക്തിപരമായി വളരെ നല്ല ബന്ധമുണ്ടായിരുന്നു. അത് ഇപ്പോൾ ഇല്ലാതായെന്നാണ് ഞാൻ കരുതുന്നത്. എല്ലാവർക്കും ഇതൊരു പാഠമാണ്.” ബ്രിട്ടീഷ് വാർത്താ മാധ്യമമായ എൽബിസിക്ക് നൽകിയ അഭിമുഖത്തിൽ ബോൾട്ടൺ പറഞ്ഞു.

Related Posts