തിരുവനന്തപുരം: തൃശ്ശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേൽക്കേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി. ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് റവാഡാ ചന്ദ്രശേഖർ ഐപിഎസ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ കർശന നടപടി ഉറപ്പാണ്. പൊലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണം. മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണം. സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകും. ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തും. വീഴ്ച്ച വന്നാൽ കടുത്ത നടപടിയെടുക്കും. ഡിജിപി വ്യക്തമാക്കി.
അതേസമയം, സംഭവം രാഷ്ട്രീയ ആയുധമാക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. തിരുവോണനാളിലും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിൻ്റെ തീരുമാനം. പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് തൃശൂർ ഡിഐജി ഓഫീസിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. മർദനമേറ്റ സുജിത്തിനെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നെത്തും.
നേരത്തെ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുജിത്ത് രംഗത്തെത്തിയിരുന്നു. കസ്റ്റഡി മർദ്ദനം ഒതുക്കി തീർക്കാൻ പൊലീസുകാർ പണം വാഗ്ദാനം ചെയ്തതായും സുജിത് പറഞ്ഞു. സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തൽ. അന്ന് തന്നെ മർദ്ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന പൊലീസ് ഡ്രൈവർ സുഹൈറിനെതിരെ കേസെടുത്തില്ലെന്നും സുജിത് ആരോപിക്കുന്നു. നിലവിൽ റവന്യൂ വകുപ്പിലെ ജീവനക്കാരനാണ് സുഹൈർ. തന്നെ മർദ്ദിച്ചവർക്കെതിരെയെല്ലാം കേസെടുക്കണമെന്നാണ് സുജിത് ആവശ്യപ്പെടുന്നത്.
പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിൻതിരിയുകയായിരുന്നു. ഇപ്പോൾ റെവന്യൂ വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്. മര്‍ദിച്ച അഞ്ച് പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം. അതേസമയം, പ്രതികൾക്ക് പൊലീസ് കവചമൊരുക്കി എന്ന വിവരവും പുറത്തുവരുന്നുണ്ട്. പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ട് എടുത്ത കേസിൽ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്.