മുംബൈ: മുംബൈയിൽ ട്രാഫിക് പൊലീസിന് ചാവേറാക്രമണ ഭീഷണി സന്ദേശം. നഗരത്തിലെ ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് മുംബൈയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 14 പാകിസ്ഥാൻ ഭീകരർ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും മുംബൈ നഗരത്തിലെ 34 വാഹനങ്ങളിലായി മനുഷ്യ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനങ്ങളിൽ മുംബൈ മുഴുവൻ നടുങ്ങുമെന്നുമാണ് പൊലീസിന് ലഭിച്ച ഭീഷണി സന്ദേശം.
400 കിലോഗ്രാം ആർഡിഎക്സ് സ്ഫോടനം നടത്തി ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ അവകാശപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയാണ് ഭീഷണി മുഴക്കിയത് എന്ന് പൊലീസ് പറഞ്ഞു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിന്റെ സമാപനം ശനിയാഴ്ച നടക്കാനിരിക്കെയാണ് ഭീരാക്രമണ ഭീകഷണി മുഴക്കിയിരിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി നഗരത്തിൽ ലക്ഷക്കണക്കിന് ആളുകൾ എത്താൻ സാധ്യതയുള്ളതിനാൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നേരത്തെ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ റെയിൽവേ സ്റ്റേഷൻ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ തിങ്കളാഴ്ച മുംബൈ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.