തൃശ്ശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്ത് പൊലീസ് സ്റ്റേഷനുള്ളിൽ ക്രൂര മർദ്ദനത്തിന് ഇരയായതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുജിത്ത് രംഗത്ത്. കസ്റ്റഡി മർദ്ദനം ഒതുക്കി തീർക്കാൻ പൊലീസുകാർ പണം വാഗ്ദാനം ചെയ്തതായും സുജിത് പറഞ്ഞു. സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തൽ.
അന്ന് തന്നെ മർദ്ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന പൊലീസ് ഡ്രൈവർ സുഹൈറിനെതിരെ കേസെടുത്തില്ലെന്നും സുജിത് ആരോപിക്കുന്നു. നിലവിൽ റവന്യൂ വകുപ്പിലെ ജീവനക്കാരനാണ് സുഹൈർ. തന്നെ മർദ്ദിച്ചവർക്കെതിരെയെല്ലാം കേസെടുക്കണമെന്നാണ് സുജിത് ആവശ്യപ്പെടുന്നത്. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന്, കാരണം തിരക്കാൻ ശ്രമിച്ചതാണ് സുജിത്ത് ക്രൂര മർദനത്തിന് ഇരയാവാൻ കാരണം.
പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിൻതിരിയുകയായിരുന്നു. ഇപ്പോൾ റെവന്യൂ വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്. മര്‍ദിച്ച അഞ്ച് പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം. അതേസമയം, പ്രതികൾക്ക് പൊലീസ് കവചമൊരുക്കി എന്ന വിവരവും പുറത്തുവരുന്നുണ്ട്. പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ട് എടുത്ത കേസിൽ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്.
ഉടുത്തിരുന്ന മുണ്ട് കൈയ്യിൽ പിടിച്ച് അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് സ്റ്റേഷന്റെ മുറ്റത്ത് സുജിത്തിനെ എത്തിച്ചത്. ഇയാളുട നിലവിളിയും പൊലീസിന്റെ ചീത്തവിളിയും മർദ്ദനത്തിന്റെ ശബ്ദവും വീഡിയോയിൽ കേൾക്കാം. മുഖത്തും കയ്യിലും മർദിച്ചതിന്റെ പാടുകളുണ്ട്. കുനിച്ചു നിർത്തി ഇടിച്ചതിന്റെ പാടും നിലത്ത് പരിക്കേറ്റതിന്റെ അടായളവും വ്യക്തമാണ്. പതിമൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നത്.
മദ്യപിച്ചിരുന്നുവെന്ന വാദവും പൊലീസ് ഉന്നയിച്ചുവെങ്കിലും വൈദ്യപരിശോധിയോടെ അതും പൊളഞ്ഞു. റിമാന്റ് ചെയ്യുന്നതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും കോടതി സുജിത്തിന് അന്ന് തന്നെ ജാമ്യം നൽകി. സുജിത്ത് നൽകിയ പരാതിയിൽ നാല് പൊലീസുകാർക്കെതിരെ കുന്നംകുളം മജിസ്ട്രേറ്റ് കോടതി കേസെടുത്തിരുന്നു. എന്നാൽ പേരിനൊരു സ്ഥലം മാറ്റമുണ്ടായതല്ലാതെ മറ്റ് ഒരു നടപടിയും വകുപ്പ് തലത്തിലുണ്ടായിട്ടില്ലെന്ന് സുജത് പറയുന്നു.
പ്രതികൾക്ക് പൊലീസ് സംരക്ഷണം നൽകുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ട് എടുത്ത കേസിൽ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്.
IPC 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്. അതേ സമയം, രണ്ട് ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. 4 പൊലീസുകാരുടെയും പ്രമോഷൻ 3 വർഷത്തേക്ക് തടഞ്ഞു. അതുപോലെ ഇൻക്രിമെന്റും 2 വർഷത്തേക്ക് തടഞ്ഞു, സേനയ്ക്കകത്ത് അച്ചടക്ക നടപടിക്ക് വിധേയമായതിനാൽ ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തുടർ നടപടി കോടതി തീരുമാനപ്രകാരം മതി എന്നും പൊലീസ് വ്യക്തമാക്കുന്നു.
പൊലീസ് കസ്റ്റഡിയിലെ മർദ്ദനം ശരിവച്ചുള്ള അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. ഉദ്യോഗസ്ഥർക്ക് എതിരെ നടപടി പേരിന് മാത്രമെന്നും സസ്പെൻഡ് ചെയ്യാതെ അന്വേഷിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒ മാരായ സന്ദീപ്, സജീവ് എന്നിവർ ചേർന്ന് അതിക്രൂരമായിട്ടാണ് സുജിത്തിനെ മർദിച്ചത്. എസി പി കെസി സേതു അന്വേഷിച്ച റിപ്പോർട്ടാണിത്.
വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കേസിൽ നിർണായകമായത്. അപൂർമായി മാത്രമുണ്ടാകുന്ന ഈ നടപടിയോടെയാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറംലോകം അറിഞ്ഞത്. കോൺഗ്രസ് ഈ വിഷയം രാഷ്ട്രീയമായി ഉയർത്തുകയാണ്. മുഖ്യമന്ത്രിയ്ക്ക് സംസ്ഥാന പൊലീസിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും പൊലീസിന്റെ നരനായാട്ടാണ് തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന ഡി ഐ ജിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി. കടുത്ത നടപടികളേക്ക് നീങ്ങിയില്ലെങ്കിൽ വൻ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് താക്കീത് നൽകി.