തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുകയാണ് ബിജെപിയും സംഘപരിവാറും. ദേവസ്വം ബോർഡ് ആസൂത്രണം ചെയ്ത പരിപാടിയ്ക്ക് ബദലായി ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കും. ബദൽ സംഗമത്തിലൂടെ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാമെന്നും സ്ത്രീപ്രവേശന വിവാദങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ച പിന്തുണ നിലനിർത്താമെന്നും സംഘപരിവാറും ബിജെപിയും കരുതുന്നു. അതിനായി ബിജെപി വിഷയത്തിൽ രാഷ്ട്രീയ പ്രചാരണവും കടുപ്പിക്കും.
സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷൻ ആർ.വി ബാബു പറഞ്ഞതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു. “വിശ്വാസികൾക്ക് ഒപ്പമാണെന്ന് പറഞ്ഞ് സിപിഐഎം വിശ്വാസികളെ വഞ്ചിക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതും വഞ്ചിക്കുന്നതുമായ നിലപാടുകളാണ് നാളിതുവരെ സിപിഐഎമ്മും അവരെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികൾക്കൊപ്പമാണ് എന്നുള്ളത് സിപിഐഎമ്മിന്റെ അവസരവാദപരമായ നിലപാടാണ്.” ആർ.വി ബാബു വ്യക്തമാക്കി.
അതേസമയം, അയ്യപ്പ സംഗമത്തിൽ സഹകരിക്കേണ്ടെന്ന നിലപാടാണ് യുഡിഎഫും കോൺഗ്രസും സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ് സംഗമമെന്ന വികാരമാണ് യുഡിഎഫ് നേതൃത്വത്തില്‍ ഉയര്‍ന്നത്. ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറഞ്ഞശേഷം ക്ഷണിച്ചാൽ യുഡിഎഫ് നിലപാട് വ്യക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ആഗോള അയപ്പ സംഗമം യുഡിഎഫ് ബഹിഷ്കരിക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നൽകിയശേഷം ക്ഷണിച്ചാൽ അപ്പോള്‍ നിലപാട് പറയുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കൽ, ആചാരസംരക്ഷണത്തിനായുള്ള സമരങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സര്‍ക്കാര്‍ മറുപടി പറയണമെന്ന യുഡിഎഫ് നിലപാടണ് വാര്‍ത്താസമ്മേളനത്തിൽ വിഡി സതീശൻ വ്യക്തമാക്കിയത്.ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കുമോയെന്നോ ബഹിഷ്കരിക്കുമോയെന്നും പറയാതെ സര്‍ക്കാരിന് മുന്നിലേക്ക് ചോദ്യങ്ങളിട്ടുള്ള നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആഗോള അയ്യപ്പ സംഗമം നടത്തുന്ന സര്‍ക്കാര്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി നൽകേണ്ടതുണ്ടെന്ന് വിഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. സത്യവാങ്മൂലം പിന്‍വലിക്കാൻ തയ്യാറാണോ? ശബരിമലയിലെ ആചാരസംരക്ഷണത്തിനടക്കം നടത്തിയ നാമജപ ഘോഷയാത്ര അടക്കമുള്ള സമരങ്ങള്‍ക്കെതിരെയെടുത്ത കേസുകള്‍ ഇപ്പോഴും നിലനിൽക്കുകയാണ്. കേസുകള്‍ പിന്‍വലിക്കാൻ സര്‍ക്കാര്‍ തയ്യാറാകുമോ?.ശബരിമലയെ മുൻനിര്‍ത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ സര്‍ക്കാര്‍ പരിപാടി നടത്തുന്നത്. ആചാര ലംഘനത്തിന് അവസരമൊരുക്കിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കാൻ തയ്യാറാകുമോ? ശബരിമലയുടെ വികസനത്തിന് യാതൊന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഇങ്ങനെ സംഗമം നടത്തുന്നത്. ഇത്തരത്തിൽ പല ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നൽകണം.