Homepage Featured Kerala News

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം. മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നേരത്തേ ആറ് ജില്ലകളിൽ യെല്ലോ അലേർട്ടായിരുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു കിഴക്കൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ആന്ധ്രാ പ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ & തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ, ശ്രീലങ്കൻ തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Related Posts