ന്യൂഡൽഹി: ചരക്ക്- സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പുതുക്കി നിശ്ചയിക്കാനുള്ള രണ്ട് ദിവസത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാർ പങ്കെടുക്കും. നിലവിലെ 4 സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കണമെന്നാണ് മന്ത്രിതല സമിതിയുടെ ശുപാര്‍ശ. ഇത് സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍.
ചെറിയ കാറുകൾ, സിമന്റ്, തുകൽ ഉൽപന്നങ്ങൾ, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങൾ എന്നിവയുടെ ജിഎസ്ടി കുറഞ്ഞേക്കും. മെഡിക്കൽ ഇൻഷുറൻസിനും ടേം ഇൻഷുറൻസിനുമുള്ള ജിഎസ്ടി എടുത്തു കളയണമെന്ന നിർദേശവും കൗൺസിൽ പരിഗണിച്ചേക്കും. കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ വരുമാന നഷ്ടം നികത്താതെ തീരുമാനം എടുക്കരുതെന്ന് കൗൺസിൽ യോഗത്തിൽ വാദിക്കും. നിലവിലെ അഞ്ച്, 12, 18, 28 ശതമാനം സ്ലാബ് ജിഎസ്ടി നിരക്കുകളെ അഞ്ച്,18 ശതമാനം എന്നീ രണ്ട് സ്ലാബ് നിരക്കുകൾക്ക് കീഴിലാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അവതരിപ്പിച്ചത്. കൂടാതെ വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതി ഒഴിവാക്കുന്നതിലും ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കും. ഈ ദീപാവലിക്ക് മുൻപ് നിർദേശം നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇപ്പോൾ നിലവിലുള്ള ജിഎസ്ടി നികുതിഘടന അടിമുടി പൊളിച്ച് 90% നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും വിധം സമഗ്ര പരിഷ്കരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.