ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ഇളവുമായി കേന്ദ്രം, 10 വർഷത്തെ ഇളവാണ് നൽകിയിരിക്കുന്നത്. 2014 ഡിസംബർ 31 ന് മുൻപ് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങൾക്കായിരുന്നു നേരത്തെ പൗരത്വം നൽകിയിരുന്നത്. പുതുക്കിയ ഇളവനുസരിച്ച് 2024 ഡിസംബർ 31 വരെ വന്നവർക്കും പൗരത്വത്തിന് അപേക്ഷിക്കാം എന്ന ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ- വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ഇത് ബാധകം.
പുതിയ ഇളവ് പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് പാസ്പോർട്ടോ യാത്രരേഖകളോ ആവശ്യമില്ല. 2019 ഡിസംബർ 11നാണ് ഇന്ത്യൻ ഗവൺമെന്റ് പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ പാസാക്കിയത്. 2019 ലെ പൗരത്വ ഭേദഗതി നിയമത്തിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വന്ന മുസ്ലീം അല്ലാത്ത 2014ന് മുൻപ് ഇന്ത്യയിലെത്തിയ മതന്യൂനപക്ഷക്കാർക്ക് പൗരത്വം ലഭിക്കാനുള്ള പ്രക്രിയ എളുപ്പമാക്കി. എന്നാൽ അതിൽ മുസ്ലീം അഭയാർഥികൾക്ക് ഇളവു നൽകാത്തതിൽ രാജ്യത്ത് പ്രതിഷേധങ്ങളും ചർച്ചകളുമുണ്ടായി.