ന്യൂഡൽഹി: അപകടകരമായ നിലയിൽ യമുന നദി കര കവിഞ്ഞു. ഡൽഹിയിലെ പഴയ റെയിൽവേ പാലത്തിൽ യമുന നദിയിലെ ജലനിരപ്പ് 205.75 മീറ്ററിലെത്തി. അപകടകരമായ ജലനിരപ്പ് അളവായ 205.33 മീറ്ററിനേക്കാൾ കൂടുതലാണ് നിലവിലുള്ളത്. നദിയിലെ ജലനിരപ്പ് ഉയരുന്നത് നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും.
നിലവിലെ സാഹചര്യം നേരിടാൻ സർക്കാർ പൂർണ്ണമായും സജ്ജമാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ഹത്നി കുണ്ഡ് ബാരേജിൽ നിന്ന് 2.07 ലക്ഷം ക്യൂസെക് വെള്ളവും, വസീറാബാദ് ബാരേജിൽ നിന്ന് 67,260 ക്യൂസെക് വെള്ളവും, ഓഖ്ല ബാരേജിൽ നിന്ന് 61,958 ക്യൂസെക് വെള്ളവും പുറത്തേക്ക് ഒഴുകിയെത്തി. രാവിലെ 7 മണിയോടെ ജലനിരപ്പ് 205.75 മീറ്ററായി ഉയർന്നു. തുടർന്ന് മൂന്ന് അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു.
ഹരിയാനയിൽ നിന്ന് വലിയ അളവിൽ വെള്ളം തുറന്നുവിടുന്നതിനാലാണ് ഡൽഹിയിൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നുത്. യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ന് രാത്രിയോടെ 206 മീറ്ററിലെത്തുമെന്നും പ്രതീക്ഷിക്കുന്നതിനാൽ, വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ആളുകളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. ഗുരുഗ്രാമിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സ്കൂളുകളും ഓഫീസുകളും അടച്ചു.
ഗുരുഗ്രാമിൽ തിങ്കളാഴ്ച രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ നഗരത്തിലുടനീളം വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായതിനാൽ ജന ജീവിതം തടസ്സപ്പെട്ടു. ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെ നഗരത്തിൽ 100 മില്ലിമീറ്ററിലധികം മഴ പെയ്തതിനാൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഹീറോ ഹോണ്ട ചൗക്കിന് സമീപമുള്ള പ്രദേശങ്ങൾ, പട്ടേൽ നഗർ, സിഗ്നേച്ചർ ബ്രിഡ്ജ് തുടങ്ങിയ നിരവധി പ്രധാന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ദ്വാരക എക്സ്പ്രസ് വേയിലെ സർവീസ് ലെയ്ൻ അടച്ചിട്ടതിനാൽ അവിടെ ധാരാളം മഴവെള്ളം അടിഞ്ഞുകൂടി, ഡ്രെയിനേജ് സംവിധാനം തകരാറിലായി.
ഡൽഹിയിലെ ദ്വാരകയെ ഖേർക്കി ദൗളയുമായും ഗുരുഗ്രാമിലെ വിവിധ പ്രദേശങ്ങളുമായും ബന്ധിപ്പിക്കുന്ന ഈ ഹൈവേ, മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന കനത്ത മഴയെ തുടർന്ന് ദുരിതത്തിലായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്കൂളുകളോട് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചൊവ്വാഴ്ച സ്വകാര്യ ഓഫീസുകളോട് അവരുടെ തൊഴിലാളികളെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.