Homepage Featured India News

ബലാത്സംഗക്കേസിൽ അറസ്റ്റ്; പിന്നാലെ പോലീസിനു നേരെ വെടിയുതിർത്ത ശേഷം എംഎൽഎ രക്ഷപ്പെട്ടു

സനൂർ: ബലാത്സംഗ കേസിൽ അറസ്റ്റിലായ പഞ്ചാബ് ആം ആദ്മി എംഎൽഎ ഹർമീത് പത്തൻമജ്ര പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. നാടകീയ സംഭവവികാസങ്ങൾക്കൊടുവിലാണ് എംഎൽഎ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് .

എംഎൽഎയും കൂട്ടാളികളും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ഒരു പോലീസുകാരനെ ഇടിച്ചു വീഴ്ത്തുകയും ചെയ്തതിനു ശേഷമാണ് രക്ഷപെട്ടത്. സനൂരിൽ നിന്നുള്ള ആം ആദ്മി എംഎൽഎ ഹർമീത് പത്തൻമജ്രയെ ഇന്ന് രാവിലെ കർണാലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി, എംഎൽഎയും സഹായികളും പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ, തടയാൻ ശ്രമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി, തുടർന്ന് രണ്ട് എസ്‌യുവികളിൽ കയറി രക്ഷപ്പെട്ടു. രക്ഷപെടാൻ ഉപയോഗിച്ച ഫോർച്യൂണർ വാഹനം പോലീസ് സംഘം തടഞ്ഞുനിർത്താൻ ശ്രമിച്ചെങ്കിലും, എംഎൽഎ രണ്ടാമത്തെ വാഹനത്തിലാണുണ്ടായിരുന്നത്. നിലവിൽ എംഎൽഎ ഒളിവിലാണ്.

ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നിവയാണ് പതൻമജ്‌റയ്‌ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ. താനുമായുള്ള ബന്ധം ആരംഭിക്കുന്നതിനായി വിവാഹമോചനം നേടിയെന്ന് വ്യാജമായി അവകാശപ്പെട്ട്, എംഎൽഎ തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

അതേസമയം അറസ്റ്റിനും തുടർന്നുള്ള രക്ഷപ്പെടലിനും മുമ്പ്, പത്തൻമജ്ര സ്വന്തം സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്നു, പ്രത്യേകിച്ച് പഞ്ചാബിലെ വെള്ളപ്പൊക്കം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ആയിരുന്നു ആരോപണം. അദ്ദേഹത്തിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതിനുശേഷവും, ഭഗവന്ത് മാൻ സർക്കാരിനെതിരായ തന്റെ വിമർശനം ഫേസ്ബുക്കിൽ ലൈവിൽ ആവർത്തിച്ചു.

ഡൽഹിയിലെ ആം ആദ്മി നേതൃത്വം “പഞ്ചാബിൽ നിയമവിരുദ്ധമായി ഭരിക്കുകയാണ്” എന്ന് അദ്ദേഹം ആരോപിച്ചു, കൂടാതെ തന്റെ പാർട്ടിയിലെ മറ്റു എംഎൽഎമാരോട് പിന്തുണയും അഭ്യർത്ഥിച്ചു. “അവർക്ക് എനിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാം, ജയിലിൽ അടയ്ക്കാം, പക്ഷേ എന്റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല” എന്ന് എംഎൽഎ ലൈവിലൂടെ പറഞ്ഞു.

സർക്കാരിനെ വിമർശിച്ചതിന് ശേഷം തന്റെ ഔദ്യോഗിക സുരക്ഷാ വിന്യാസം പിൻവലിച്ചതായും എംഎൽഎ അവകാശപ്പെട്ടു. “എന്റെ ഗൺമാൻമാരെ തിരിച്ചയക്കുമെന്ന് ഞാൻ ഇന്നലെ തന്നെ പറഞ്ഞിരുന്നു. വിജിലൻസ് നടപടി അല്ലെങ്കിൽ എഫ്‌ഐആർ ഉപയോഗിച്ച് എന്നെ ഭയപ്പെടുത്താമെന്ന് ഡൽഹി നേതാക്കൾ (എഎപി) കരുതുന്നു, പക്ഷേ ഞാൻ ഒരിക്കലും തലകുനിക്കില്ല. എന്റെ ജനങ്ങളോടൊപ്പം ഒരു പാറ പോലെ ഞാൻ നിൽക്കും” എന്നും എംഎൽഎ പറഞ്ഞിരുന്നു.

Related Posts