തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്നും മിനി കാപ്പനെ മാറ്റി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അംഗീകരിച്ചതോടെ സിൻഡിക്കേറ്റ് തന്നെ നിയമനം റദ്ദാക്കുകയായിരുന്നു. ജോയിന്റ് രജിസ്ട്രാർ ആർ. രശ്മിക്ക് ആണ് പകരം ചുമതല. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലായിരുന്നു നിർണായക തീരുമാനം. രജിസ്ട്രാറായി മിനി കാപ്പൻ യോഗത്തിൽ പങ്കെടുക്കുന്നതിനെ എതിർത്ത് ഇടത് അംഗങ്ങൾ പ്രതിഷേധിച്ചു.
യോഗത്തിൽ പങ്കെടുക്കാനെത്തിയ മിനി കാപ്പൻ ആരെന്ന ചോദ്യം അംഗങ്ങൾ ഉന്നയിച്ചു. രജിസ്ട്രാർ ഇൻ ചാർജ് ആണെന്നായിരുന്നു വൈസ് ചാൻസലറുടെ മറുപടി. തുടർന്ന് മിനി കാപ്പനെ നിയോഗിച്ച തീരുമാനം വി സി സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ രജിസ്ട്രാർ നിയമനം സിൻഡിക്കേറ്റിന്റെ അധികാരമാണെന്നും വി സിയുടെ നടപടി ചട്ടവിരുദ്ധമെന്നും ഇടത് അംഗങ്ങൾ വാദിച്ചു. തുടർന്ന് മിനി കാപ്പൻ്റെ നിയമനം റദ്ദാക്കിയ സിൻഡിക്കേറ്റ് പകരം ചുമതല കാര്യവട്ടം ക്യാമ്പസിലെ ജോയിൻ്റ് രജിസ്ട്രാർ രശ്മി ആറിന് നൽകുകയായിരുന്നു.
അതേസമയം, രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ തന്നെ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കത്തയച്ചിരുന്നു. പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചാണ് വിസിക്ക് കത്ത് നല്‍കിയത്. സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളായിരുന്നു സര്‍വകലാശാലയിലെ രജിസ്ട്രാര്‍ ചുമതലയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കം. രജിസ്ട്രാര്‍ മോഹനന്‍ കുന്നുമ്മലിനെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശ പ്രകാരം വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.