2020 ലെ ഡല്‍ഹി കലാപക്കേസില്‍ പ്രതികളായ വിദ്യാര്‍ഥി നേതാക്കള്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഇവരടക്കം ഗൂഢാലോചനക്കേസില്‍ പ്രതികളായ ഒന്‍പത് പേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
പ്രതികളും അറസ്റ്റിലായ ദിവസവും: ഷര്‍ജീല്‍ ഇമാം (2020 ജനുവരി 28), ഉമര്‍ ഖാലിദ് (2020 സെപ്റ്റംബര്‍ 13), അതര്‍ ഖാന്‍ (2020 ജൂണ്‍ 29), ഖാലിദ് സയ്ഫി (2020, ഫെബ്രുവരി 26), മുഹമ്മദ് സലീം ഖാന്‍ (2020 ജൂണ്‍ 24), ഷിഫ ഉര്‍ റഹ്‌മാന്‍ (2020 ഏപ്രില്‍ 26), മീരാന്‍ ഹൈദര്‍ (2020, ഏപ്രില്‍ 1), ഗുല്‍ഫിഷ ഫാത്തിമ (2020, ഏപ്രില്‍ നാല്), ഷദാബ് അഹമ്മദ് (2020, ജൂണ്‍ 11).
ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രതികളുടെ അഭിഭാഷകരുടെ തീരുമാനം.
2020 ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്നാലെ നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡല്‍ഹി പൊലീസ് ഉമര്‍ ഖാലിദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യുഎപിഎ കുറ്റവും ചുമത്തി. കലാപത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 700 ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ കുറ്റാരാപിതനോ പ്രതിയോ ആണെങ്കില്‍ ജയിലില്‍ ആയിരിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. കലാപത്തിനു കോപ്പുകൂട്ടി രാജ്യത്തെ നാണംകെടുത്തുകയെന്ന ലക്ഷ്യമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും മേത്ത പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകനായ തൃദീപ് പൈസ് ആണ് ഉമര്‍ ഖാലിദിനായി ഹാജരായത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഏത് തരത്തിലാണ് ക്രിമിനല്‍ കുറ്റമാകുന്നതെന്ന് അഭിഭാഷകന്‍ ചോദിച്ചു. രഹസ്യ യോഗം ചേരുകയോ ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ നടത്തുകയോ ഉമര്‍ ഖാലിദ് ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഡല്‍ഹി പൊലീസ് ആരോപിക്കുന്നതു പോലെ ഒരു ഗൂഢാലോചനയിലും തങ്ങള്‍ ഭാഗമായിട്ടില്ലെന്നാണ് ഷര്‍ജീല്‍ ഇമാമിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചത്.