പട്‌ന: കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അവിശുദ്ധ ബന്ധത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് പട്‌നയിൽ സമാപിക്കും. വോട്ട് കൊള്ളക്കെതിരെയാണ് രാഹുലിന്റെ നേതൃത്വത്തിൽ വോട്ടർ അധികാർ യാത്ര സംഘടിപ്പിച്ചത്. ബിഹാറിനെ ഇളക്കിമറിച്ച് ഇൻഡ്യ സഖ്യത്തിന്റെ ശക്തിപ്രകടനമായി സമാപന സമ്മേളനം നടത്തും.
പത്ത് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന റാലി രാവിലെ 11ന് പട്‌നയിലെ ഗാന്ധി മൈതാനിയിൽ നിന്നും അംബേദ്കർ പാർക്കിലേക്ക് ആരംഭിക്കും. തുടർന്ന് അംബേദ്‌കർ പ്രതിമയിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം പൊതുയോഗം നടത്തും. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ഇൻഡ്യ സഖ്യകക്ഷികളിലെ പ്രധാന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
ഓഗസ്റ്റ് 17ന് ബിഹാറിലെ സസാറാമിൽ നിന്നും ആരംഭിച്ച യാത്ര, ബിഹാറിലെ 20 ജില്ലകളിലൂടെ 1300 ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് പട്‌നയിൽ എത്തുന്നത്. ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ എത്തിയിരുന്നു. ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജ്വസി യാദവ് എന്നിവരും വേദിയിലെ സാന്നിധ്യമായി. യാത്രയിൽ പ്രിയങ്കാ ഗാന്ധി എംപി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ രാഹുലിനെ അനുഗമിച്ചിരുന്നു.
ഇന്ത്യയിൽ ഒട്ടാകെ ഈ സമരം വ്യാപിപിക്കുമെന്നും കേന്ദ സർക്കാരിന്റെ ഉച്ചഭാഷിണി പോലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുകയാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിഹാറിൽ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മയ്‌ക്ക് വർധിച്ച ആത്മവിശ്വാസമേകിയാണ് യാത്ര സമാപിക്കുന്നത്. ഈ വർഷം അവസാനമാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന യാത്ര ഇൻഡ്യാ സഖ്യത്തിന് തെരഞ്ഞെടുപ്പിൽ ഗുണം നൽകുമെന്നാണ് വിലയിരുത്തൽ. ബിഹാറിൽ ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി രംഗത്തുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർ ത്രിവർണപതാകകളുമായി യാത്രയിൽ പങ്കെടുക്കുന്നുണ്ട്. യാത്രയ്‌ക്ക് ലഭിക്കുന്ന പിന്തുണയിൽ ബിജെപി നേതാക്കൾ അസ്വസ്ഥരാണ്.