വോട്ടുകൊള്ള ആരോപണത്തില്‍ അതിശക്തമായാണ് കോണ്‍ഗ്രസ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ നിലകൊള്ളുന്നത്. വോട്ടുകൊള്ള സംബന്ധിച്ച് ഒരു ‘ഹൈഡ്രജന്‍ ബോംബ്’ പുറത്തുവരാനുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ബിജെപിക്കെതിരെ ഇനിയും വലിയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധ്യതയുള്ളതിന്റെ മുന്നറിയിപ്പാണ്.
ഇന്ത്യ സഖ്യത്തിന്റെ ‘വോട്ടവകാശയാത്ര’ സമാപനസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ‘ഹൈഡ്രജന്‍ ബോംബ്’ പരാമര്‍ശം. ‘ ആറ്റം ബോംബിനേക്കാള്‍ വീര്യമേറിയത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ? അത് ഹൈഡ്രജന്‍ ബോംബ് ആണ്. ബിജെപി തയ്യാറായിരുന്നോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നുണ്ട്,’ രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ‘ഹൈഡ്രജന്‍ ബോംബ്’ എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണെന്ന് വ്യക്തമായി വെളിപ്പെടുത്തിയില്ല. എന്നാല്‍ ഈ സമയത്ത് ജനക്കൂട്ടത്തിനിടയില്‍ നിന്ന് ‘വാരണാസി’ എന്നു നിരവധി പേര്‍ വിളിച്ചുകൂവി. നരേന്ദ്ര മോദിയുടെ വാരണാസി സീറ്റുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ രാഹുല്‍ ഗാന്ധി നടത്തിയേക്കുമെന്നാണ് ഇതില്‍ നിന്ന് ലഭിക്കുന്ന സൂചന.
ഹൈഡ്രജന്‍ ബോംബ് വീണാല്‍ നരേന്ദ്ര മോദിക്ക് ഈ നാട്ടിലെ ജനങ്ങള്‍ക്കു മുന്നില്‍ സ്വന്തം മുഖം പോലും കാണിക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുലിന്റെ ഹൈഡ്രജന്‍ ബോംബ് പരാമര്‍ശത്തെയും ബിജെപി പരിഹാസത്തോടെ തള്ളി. കാര്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുള്ളയാളാണ് രാഹുല്‍ ഗാന്ധിയെന്നാണ് ബിജെപിയുടെ പരിഹാസം. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവര്‍ ഇന്ത്യന്‍ ഭരണഘടനയെ നശിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം ‘വോട്ട് അധികാര്‍ യാത്ര’യിലൂടെ കളംപിടിക്കുകയാണ് രാഹുല്‍. ഓഗസ്റ്റ് 17 നു ബിഹാറിലൂടെ ആരംഭിച്ച വോട്ട് അധികാര്‍ യാത്ര 25 ജില്ലകളിലായി 110 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് കടന്നുപോയത്. ആര്‍ജെഡി ഉള്‍പ്പെടെ പ്രതിപക്ഷ സഖ്യകക്ഷികള്‍ മാര്‍ച്ചിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ വോട്ടവകാശത്തിനു നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ യാത്ര. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ ബിജെപി വോട്ട് ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച രാഹുല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.