ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്‍റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന ദൃഢനിശ്ചയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരാനാണ് തീരുമാനമെന്ന് മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകൾക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന നിമിഷങ്ങളാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ നടന്നത്. വ്ളാദിമിർ പുടിനും നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും ഒരുമിച്ച് ഹ്രസ്വ ചർച്ച നടത്തി.
ഏറ്റവും മോശം സമയങ്ങളിൽ പോലും ഇന്ത്യയും റഷ്യയും പരസ്പരം പിന്തുണച്ചിട്ടുണ്ടെന്ന് തന്റെ ആമുഖ പ്രസംഗത്തിൽ മോദി പറഞ്ഞു, ഇത് നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആഴം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം സ്വന്തം ജനങ്ങൾക്ക് മാത്രമല്ല, ആഗോള സ്ഥിരത, സമാധാനം, വളർച്ച എന്നിവയ്ക്കും ഗുണകരമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് റഷ്യൻ ആക്രമണത്തിന് ധനസഹായം നൽകുന്നതിനുള്ള ഒരു മാർഗമാണെന്ന അമേരിക്കയുടെയും യൂറോപ്പിന്റെയും ആരോപണങ്ങൾക്കുള്ള വ്യക്തമായ മറുപടിയായിരുന്നു ഈ സന്ദേശം.
യുക്രെയ്ൻ യുദ്ധം ഇന്ത്യ നടത്തുന്നുവെന്ന ആരോപണത്തിനിടെ നരേന്ദ്ര മോദിയുടെ പുടിനും ഉച്ചകോടിയുടെ വേദിയിൽ നിന്ന് ഒരേ കാറിലാണ് മടങ്ങിയത്. ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ച പ്രസ്താവനയും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ ബന്ധം മെച്ചപ്പെടുന്നുവെന്ന സൂചന നല്കി. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നയം വേണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു. പഹൽഗാം ഭീകരാക്രമണത്തിന്‍റെ സ്പോൺസർമാരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു.