Homepage Featured News World

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ മോദി അവഗണിച്ചോ? ചൈനയില്‍ സംഭവിക്കുന്നത്

ഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം വഷളായ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം ചൈനയില്‍ നടക്കുന്ന ഷാന്‍ഹായ് സഹകരണ ഉച്ചകോടിയിലൂടെ രമ്യതയിലേക്ക് എത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ ഉച്ചകോടി വേദിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോടു അടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി സംസാരിക്കാനോ സൗഹൃദം പങ്കിടാനോ മോദി തയ്യാറായിട്ടില്ല. മാത്രമല്ല ചില രാജ്യങ്ങള്‍ തീവ്രവാദത്തെയും ഭീകരാക്രമണത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് മോദി ഉച്ചകോടിയില്‍ തുറന്നടിച്ചു. പാക്കിസ്ഥാനെ ഉന്നമിട്ടാണ് മോദിയുടെ പരാമര്‍ശമെന്നാണ് മാധ്യമങ്ങളുടെ നിരീക്ഷണം.

ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്ന ‘ചില രാജ്യങ്ങള്‍’ എന്ന പരാമര്‍ശം മോദി നടത്തുമ്പോള്‍ ഷഹബാസ് ഷരീഫ് അവിടെ സന്നിഹിതനായിരുന്നു. ‘ ഭീകരാക്രമണം ഏതെങ്കിലും ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്കു മാത്രമല്ല വെല്ലുവിളി ഉയര്‍ത്തുന്നത്, മറിച്ച് മുഴുവന്‍ മനുഷ്യകുലത്തിനാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഭീകരാക്രമണത്തിന്റെ ദുരിതം അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈയടുത്ത് പഹല്‍ഗാമിലും നാം അത് കണ്ടു. ഈ മോശം സമയത്തും ഞങ്ങള്‍ക്കൊപ്പം നിന്ന രാജ്യങ്ങളോടുള്ള നന്ദി ഈ സമയം ഞാന്‍ അറിയിക്കുന്നു,’ മോദി പറഞ്ഞു.

മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി സംസാരിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഈ സമയത്ത് പാക് പ്രധാനമന്ത്രി ഇവരെ നോക്കി നില്‍ക്കുന്നത് കാണാം. പാക് പ്രധാനമന്ത്രിയെ ‘സൈഡാക്കി’യാണ് മോദിയും പുട്ടിനും നയതന്ത്ര വിഷയങ്ങള്‍ അടക്കം ചര്‍ച്ച ചെയ്തത്. ഇവര്‍ സംസാരിക്കുമ്പോള്‍ അല്‍പ്പം മാറിനില്‍ക്കുന്ന പാക് പ്രധാനമന്ത്രിയുടെ മുഖത്ത് നീരസവും കാണാം. ഒന്നിലേറെ തവണ പാക് പ്രധാനമന്ത്രിയുടെ സമീപം മോദി എത്തിയതാണ്. എന്നാല്‍ ഷരീഫിനു മുഖം കൊടുക്കാതെയാണ് അപ്പോഴെല്ലാം മോദി കടന്നുപോയത്. ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി മോദി ദീര്‍ഘനേരം സംസാരിച്ചപ്പോഴും ഷരീഫിനോടു സംസാരിക്കാന്‍ താല്‍പര്യപ്പെട്ടില്ലെന്നാണ് വിവരം.

ഇതിനിടെ വിവിധ രാജ്യങ്ങളുടെ നേതാക്കള്‍ ഫോട്ടോഷൂട്ടിനായി അണിനിരന്നു. അപ്പോഴും ഷരീഫില്‍ നിന്ന് മോദി അകലം പാലിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയോടു സംസാരിക്കാനോ ഒന്നിച്ചുനിന്ന് ഫോട്ടോ എടുക്കാനോ ഷരീഫും തയ്യാറായില്ല.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായി അത്ര നല്ല ബന്ധത്തിലല്ല ഇന്ത്യ. പാക്കിസ്ഥാന്‍ തീവ്രവാദത്തിനു പിന്തുണ നല്‍കുന്നു എന്ന വിമര്‍ശനം ഇന്ത്യക്കുണ്ട്. ഷാന്‍ഹായ് ഉച്ചകോടിയിലും പാക്കിസ്ഥാനെതിരെ നിലപാട് ആവര്‍ത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Related Posts