കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീൻ കസ്റ്റഡിയിൽ. ആൺസുഹൃത്തിന്റെ വാടക വീട്ടിലാണ് മംഗലാപുരത്ത് ബി.ഫാം വിദ്യാർഥിനിയായ അത്തോളി തേരായി സ്വദേശിനിയായ ആയിഷ റഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് പെൺകുട്ടി മംഗലാപുരത്ത് നിന്നും ആൺ സുഹൃത്തായ ബഷീറുദ്ദീന്റെ വീട്ടിലെത്തിയെന്നാണ് വിവരം. കോഴിക്കോട് ജിമ്മിൽ ട്രെയ്നറാണ് ബഷീറുദ്ദീൻ.
ഇയാൾ പെൺകുട്ടിയെ മർദ്ദിച്ചതായും ബ്ലാക്ക്മെയിൽ ചെയ്തതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച ബഷീറുദ്ദീൻ ആദ്യം ഭാര്യയെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത് പിന്നീട് സുഹൃത്തെന്ന് മാറ്റിപറയുകയും ചെയ്തതായി വിവരം ലഭിച്ചു. ഇതേ തുടർന്നാണ് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകു. കൂടുതൽ അന്വേഷണം നടന്നു വരുന്നു.