Homepage Featured Kerala News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി. പറവൂര്‍ സ്വദേശിയായ പോള്‍ വര്‍ഗീസിന്‍റെ കൊലപാതകത്തില്‍ ഭാര്യ സജിതയെ പറവൂര്‍ കോടതിയാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി നടപടി. എന്നാൽ രണ്ടാം പ്രതിയായ കാമുകനെ വെറുതെ വിട്ട വിധിയിൽ ഇടപെടാൻ ജസ്റ്റിസ്‌ ജയശങ്കർ നമ്പ്യാർ, ജോബി സെബാസ്റ്റ്യൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല

2011 ഫെബ്രുവരി 22ന് കാക്കനാടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സജിതയ്ക്ക് പാമ്പാടി സ്വദേശിയുമായി ഉണ്ടായിരുന്ന അടുപ്പമാണ് പോള്‍ വര്‍ഗീസിന്‍റെ കൊലപാതകത്തിന് കാരണമായത്. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് സജിത ഭര്‍ത്താവിന് ഉറക്കഗുളികകള്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി. പിന്നീട് കഴുത്തില്‍ തോര്‍ത്തിട്ടു മുറുക്കിയും തലയണ ഉപയോഗിച്ച് മുഖത്ത് അമര്‍ത്തിയും പോളിനെ കൊലപ്പെടുത്തി. മരിച്ചുവെന്ന് ഉറപ്പായശേഷം സജിത ബന്ധുക്കളെ വിളിച്ചു ഭര്‍ത്താവ് തൂങ്ങിമരിച്ചുവെന്ന് പറഞ്ഞു.

സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങിമരണമല്ലെന്ന് വ്യക്തമായതോടെയാണ് സജിത കുടുങ്ങിയത്. സജിതയും കാമുകനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇരുവരുടെയും പരസ്പര വിരുദ്ധമായ മൊഴികളും പ്രതിക്ക് കുരുക്ക് മുറുക്കി. കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ നാലും എട്ടും വയസുള്ള മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. തൃക്കാക്കര സി.ഐ ആയിരുന്ന ബൈജു പൗലോസാണ് കേസന്വേഷണം നടത്തിയത്.

നാളുകൾ നീണ്ട വിചാരണയ്ക്കൊടുവിൽ 2019 ഫെബ്രുവരിയിലാണ് പ്രതി സജിതയ്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കാമുകനെ പ്രതി ചേര്‍ത്തിരുന്നെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ അയാളെ വിട്ടിരുന്നു. വിചാരണ കോടതി നടപടിക്കെതിരെയാണ് പ്രതി സജിത ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കാമുകനുമായി ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അപ്പീൽ തള്ളിയാണ് ജീവപര്യന്തം ശിക്ഷ ഹൈകോടതി ഡിവിഷൻ ബെഞ്ച് ശെരിവച്ചത്.

സാഹചര്യ തെളിവുകൾ കണക്കിലെടുത്ത കോടതി, താൻ നിരപരാധി ആണെന്നുള്ള ഭാര്യയുടെ വാദം അംഗീകരിച്ചില്ല. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകൾ നിരത്തിയ പ്രോസീക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടാം പ്രതിയായ കാമുകനെ വെറുതെ വിട്ട സെഷൻസ് കോടതി വിധിയിൽ ഇടപെടാൻ ജസ്റ്റിസ്‌ ജയശങ്കർ നമ്പ്യാർ, ജോബി സെബാസ്റ്റ്യൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല.

Related Posts