ന്യൂഡൽഹി: രാജ്യത്ത് എണ്ണ വിപണന കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. സെപ്റ്റംബർ 1 മുതൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 51.50 രൂപ കുറയും. പ്രതിമാസ പരിഷ്കരണ പരമ്പരയിലെ ഏറ്റവും പുതിയ വിലയാണിത്. ഈ മാറ്റത്തോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 1,580 രൂപയും കേരളത്തിൽ 1587 രൂപയുമായിരിക്കും എന്ന് എണ്ണ കമ്പനികൾ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചെങ്കിലും 14.2 കിലോഗ്രാം വരുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കമ്പനികൾ പറഞ്ഞു.
വാണിജ്യ സിലിണ്ടറുകളെ ആശ്രയിക്കുന്ന റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് ബിസിനസുകൾ എന്നിവയുടെ ചെലവ് ലഘൂകരിക്കാൻ ഈ നീക്കം സഹായകമാകും എന്ന് വിദഗ്ധർ പറഞ്ഞു. ആഗോള ക്രൂഡ് ഓയിൽ നിരക്കുകളും വിപണി സാഹചര്യങ്ങളും അടിസ്ഥാനമാക്കി പ്രതിമാസം വിലകൾ പരിഷ്കരിക്കും. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം, പ്രതിവർഷം ഒമ്പത് റീഫില്ലുകൾക്ക് 14.2 കിലോയുടെ സിലിണ്ടറിന് 300 രൂപ സബ്‌സിഡി നൽകുന്നതിന് സെപ്റ്റംബർ മുതൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ദരിദ്ര കുടുംബങ്ങൾക്ക് നിക്ഷേപ രഹിത എൽപിജി കണക്ഷനുകൾ നൽകുന്നതിനായി 2016 ൽ ആരംഭിച്ച ഈ പദ്ധതിക്ക് രാജ്യവ്യാപകമായി 103 ദശലക്ഷത്തിലധികം ഗുണഭോക്താക്കളുണ്ട് എന്നാണ് റിപ്പോർട്ടുകൾ.