Homepage Featured Kerala News

അമീബിക് മസ്തിഷ്കജ്വരം: 3 മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടു മരണം

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 3 മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടു മരണം. ഇന്നലെയാണ് രണ്ടു മരണവും ഉണ്ടായത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതർ പറയുന്നു. ഓമശേരി പ്രദേശത്ത് നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മറ്റൊരു മരണം സ്ഥിരീകരിച്ചിരുന്നു അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിനി ഇന്നലെ മരിച്ചിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന വേങ്ങര കണ്ണമംഗലം സ്വദേശിയായ 52കാരി റംലയാണ് കഴിഞ്ഞ ദിവസം മരിച്ചത്. മെഡിക്കൽ കോളേജിലേക്ക് അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ഇന്നലെ തന്നെ സംസ്കരിച്ചിരുന്നു. ഇവർക്ക് രോഗം ബാധിച്ചത് വീടിന് സമീപത്തെ കുളത്തിൽ നിന്നാണെന്ന് അധികൃതർ അറിയിച്ചു. 24 മണിക്കൂറിനിടെ രണ്ട് മരണമാണ് ഇതോടെ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണം തുടരുകയാണ്. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിലുണ്ട്.

Related Posts