കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ ഏകദേശം 800 പേർ കൊല്ലപ്പെടുകയും 3000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ സർക്കാർ റേഡിയോ ടെലിവിഷൻ അഫ്ഗാനിസ്ഥാൻ (ആർടിഎ) റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സംഭവത്തിൽ ആയിരത്തോളം പേർക്ക് പരിക്കുണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം പ്രാദേശിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു. കാബൂളിലും അയൽരാജ്യമായ പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും 370 കിലോമീറ്റർ (230 മൈൽ) അകലെ നിരവധി സെക്കൻഡുകൾ ഭൂചലനം അനുഭവപ്പെട്ടതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, താരതമ്യേന ആഴം കുറഞ്ഞ എട്ട് കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം, നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിൽ നിന്ന് 27 കിലോമീറ്റർ അകലെയായിരുന്നു , ആദ്യത്തെ ഭൂകമ്പത്തെത്തുടർന്ന്, 30 മിനിറ്റിനുള്ളിൽ മേഖലയിൽ മൂന്നോ നാലോ തുടർചലനങ്ങൾ ഉണ്ടായി, റിക്ടർ സ്കെയിലിൽ 4 നും 5 നും ഇടയിൽ തീവ്രത രേഖപ്പെടുത്തി.
ആഴത്തിലുള്ള ഭൂകമ്പങ്ങളേക്കാൾ ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനിൽ, പ്രത്യേകിച്ച് ഹിന്ദുക്കുഷ് പർവതനിരകളിൽ, യുറേഷ്യൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്തിനടുത്ത്, ഭൂകമ്പങ്ങൾ പതിവായി ഉണ്ടാകാറുണ്ട്. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ രാത്രിയിൽ നംഗർഹാർ പ്രവിശ്യയിലും വെള്ളപ്പൊക്കമുണ്ടായി. ഇതിൽ അഞ്ച് പേർ കൊല്ലപ്പെടുകയും വിളകളും സ്വത്തുക്കളും നശിക്കുകയും ചെയ്തതായി പ്രവിശ്യാ അധികൃതർ അറിയിച്ചു.
















