Homepage Featured Kerala News

സർക്കാർ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സീരീസ് ഏകീകരിക്കുന്നു; ഇനി മുതൽ KL 90

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സീരീസ് ഏകീകരിക്കാൻ തീരുമാനം. ഇനി മുതൽ സർക്കാർ വാഹനങ്ങൾ KL 90 സീരീസിലാണ് രജിസ്റ്റർ ചെയ്യുക. സംസ്ഥാന സർക്കാർ വാഹനങ്ങളോടൊപ്പം കേന്ദ്ര സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ വാഹനങ്ങൾക്കും പുതിയ സീരീസ് നൽകാൻ തീരുമാനമായി. നമ്പർ ഏകീകരിക്കാനുള്ള കരട് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക.

കെഎസ്ആർടിസി വാഹനങ്ങൾക്ക് KL 15 എന്ന സീരീസ് നൽകിയിരിക്കുന്ന അതേ രീതീയിലാണ് സംസ്ഥാന സർക്കാറിന് കീഴിലെ എല്ലാ വാഹനങ്ങൾക്കും ഏകീകൃത നമ്പർ സീരീസ് നൽകുന്നത്. സർക്കാർ വാഹനങ്ങൾക്ക് KL 90, KL 90D എന്നീ നമ്പറുകളും കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് KL 90A, KL 90E എന്നിങ്ങനെയുള്ള നമ്പറുകളായിരിക്കും നൽകുക.

KL 90ൽ ആണ് സംസ്ഥാന സർക്കാരിന്റെയും വകുപ്പുകളുടെയും വാഹനങ്ങളുടെ നമ്പറുകൾ തുടങ്ങുക. KL 90 എന്ന സീരീസ് കഴിഞ്ഞാൽ KL 90D സീരിസ് തുടങ്ങും. KL 90A യിൽ തുടങ്ങുന്ന സീരീസാണ് കേന്ദ്ര സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നൽകുന്നത്. KL 90 Aക്ക് ശേഷം KL 90E രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ നൽകും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് KL 90B, KL 90F എന്നീ രണ്ട് രജിസ്ട്രേഷനുകളാണ് ഉണ്ടാവുക.

KL 90C സീരീസ് അർധ സർക്കാർ സ്ഥാപനങ്ങൾ, ബോർഡുകൾ, വിവിധ കോർപ്പറേഷനുകൾ, സർവ്വകലാശാലകൾക്കും നൽകും. KL 90C സീരീസ് അവസാനിക്കുകയാണെങ്കിൽ KL 90G എന്ന സീരീസും രജിസ്ട്രേഷനായി നൽകും. ഏതെങ്കിലും കാരണത്താൽ സർക്കാർ വാഹനങ്ങൾ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കുമ്പോൾ വാഹന രജിസ്ട്രേഷൻ മാറ്റണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ചില നമ്പറുകൾ മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, പ്രോട്ടോക്കോൾ വാഹനങ്ങൾ എന്നിവക്കായി പ്രത്യേകമായി മാറ്റിവെക്കുമെന്നും അറിയിച്ചു.

Related Posts