Homepage Featured Kerala News

ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നു;പൂട്ടുന്നത് വരെ സമരം ചെയ്യുമെന്ന് നാട്ടുകാർ

കോഴിക്കോട്: സംഘർഷത്തെ തുടർന്ന് അടച്ചിട്ട കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് മുതൽ പ്രവർത്തനം വീണ്ടും തുടങ്ങുന്നു. ഉപാധികളോടെയാണ് ഭരണകൂടം പ്ലാന്റിന് അനുമതി നൽകിയിരിക്കുന്നത്. അതേസമയം ഫാക്ടറിയുടെ മുന്നിൽ സമരം പുനരാരംഭിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. ഫാക്ടറി പൂർണമായും അടച്ചു പൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കി.

മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്ലാന്റ് തുറക്കാനുള്ള തീരുമാനം. ദിവസേന സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കാൻ പ്ലാന്റ് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിബന്ധനകളിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഇതിനിടെ, സമരവുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാത്രികാല പൊലീസ് പരിശോധനകൾ ഒഴിവാക്കുമെന്ന് സർവകക്ഷി യോഗത്തിൽ പൊലീസ് ഉറപ്പ് നൽകി. സ്ത്രീകൾ മാത്രമുള്ള വീടുകളിലെ പരിശോധന അവസാനിപ്പിക്കണമെന്നും ജനപ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. കുറ്റക്കാരെ മാത്രം ലക്ഷ്യമാക്കി നടപടി സ്വീകരിക്കുമെന്നും രാത്രികാല പരിശോധനയിൽ ഇളവ് വരുത്തുമെന്നും പൊലീസ് അറിയിച്ചു.

ഫ്രഷ് കട്ട് പ്ലാന്റ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ജില്ലാ തല ഫെസിലിറ്റേഷൻ കമ്മറ്റി ഇന്നലെ വൈകിട്ട് യോഗം ചേർന്നിരുന്നു. പ്ലാന്റ് നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

Related Posts