ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജിഷ്ണുദേവ് വര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം, അസറുദ്ദീനെ മന്ത്രിസഭയിൽ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് ബിജെപി ആരോപിച്ചു.
മുഹമ്മദ് അസറുദ്ദീനെ മന്ത്രിസഭയിൽ അംഗമാക്കുന്നതിലൂടെ സാമൂഹികനീതി ഉറപ്പാക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ആന്ധ്രപ്രദേശ് ആയിരുന്ന സമയത്ത് എല്ലാ സര്‍ക്കാരുകളിലും ന്യൂനപക്ഷത്ത് നിന്നുള്ള അംഗങ്ങളുണ്ടായിരുന്നു. നിലനിൽക്കുന്ന അസന്തുലിതാവസ്ഥ ലളിതമായി പരിഹരിക്കുകയാണ് പുതിയ മന്ത്രിയിലൂടെയെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മഹേഷ് ഗൗഡ എന്‍ഡിടിവിയോടു പറഞ്ഞിരുന്നു.
നിലവില്‍ അസറുദ്ദീന്‍ തെലങ്കാന നിയമസഭയിലോ നിയമസഭാ കൗണ്‍സിലിലോ അംഗമല്ല. നേരത്തെ, ഗവര്‍ണര്‍ക്ക് നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാവുന്നവരുടെ ക്വാട്ടയിൽ തെലുങ്കാന സർക്കാർ അസറുദ്ദീന്റെ പേര് നൽകിയിരുന്നു. എന്നാല്‍, ഈ നിര്‍ദേശത്തില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പശ്ചാത്തലത്തില്‍ ആറുമാസത്തിനകം അദ്ദേഹം നിയമസഭയുടെ ഇരുസഭകളില്‍ ഏതെങ്കിലുമൊന്നിൽ അംഗത്വം നേടണം. അസറുദ്ദീന്‍ കൂടി അംഗമായതോടെ രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം പതിനാറായി.
നവംബര്‍ 11-ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജൂബിലി ഹില്‍സ് മണ്ഡലത്തിലെ വിജയം ലക്ഷ്യമിട്ടാണ് സർക്കാർ അസറുദ്ദീനെ മന്ത്രിയാക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ജൂബിലി ഹില്‍സിന്റെ ജനസംഖ്യയില്‍ മുപ്പത് ശതമാനത്തോളം മുസ്‌ലിങ്ങളാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ ആരോപണം. അസറുദ്ദീന്റെ മന്ത്രിസഭാ പ്രവേശനത്തിനെതിരെ ബിജെപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണിതെന്നാണ് പരാതിയില്‍ ഉന്നയിച്ചത്.
2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സില്‍ നിന്ന് അസറുദ്ദീന്‍ മത്സരിച്ചിരുന്നെങ്കിലും ബിആര്‍എസിന്റെ മഗന്തി ഗോപിനാഥിനോട് പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍മാസത്തില്‍ മഗന്തി ഗോപിനാഥ് മരിച്ചതിന് പിന്നാലെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രേവന്ത് റെഡ്ഡിയുടെ നീക്കമെന്നാണ് ബിജെപി ആരോപിക്കുന്നത്.
















