Homepage Featured India News

ധർമ്മസ്ഥല കേസ്: അന്വേഷണത്തിന് ഹൈക്കോടതി താൽക്കാലിക സ്റ്റേ

ബെംഗളൂരു: ധർമ്മസ്ഥല ഗൂഢാലോചന കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന് തിരിച്ചടി. ശുചീകരണ തൊഴിലാളിയായ സി. എൻ. ചിന്നയ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ നൽകി.

ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തങ്ങളുടെ പേരിൽ ഫയൽ ചെയ്തിരിക്കുന്ന എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

നവംബർ 12ന് ഹർജിയിൽ വിശദമായ വാദം നടക്കും വരെ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യാനാണ് കോടതി ഉത്തരവിട്ടത്. തങ്ങൾ കേസിലെ പ്രതികളോ സാക്ഷികളോ അല്ലെങ്കിലും ഇതുവരെ ഒൻപത് തവണ സമൻസ് ലഭിച്ചതായും പത്താമത്തെ സമൻസ് ഒക്ടോബർ 27ന് ലഭിച്ചതായും ഹർജിക്കാർ അറിയിച്ചു. ഇത് നിയമവിരുദ്ധമാണെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച ഹൈക്കോടതി പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ ഒരേ കേസിൽ പല തവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ലെന്നും വിമർശിച്ചു.

ഇതിനിടെ ധർമ്മസ്ഥല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റായ മഹേഷ് ഷെട്ടി തിമരോടിയെ ദക്ഷിണ കന്നട ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. അഞ്ചു കേസുകളിൽ പ്രതിയായിരിക്കെ ആയിരുന്നു ഈ നീക്കം. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്ന ചിന്നയ്യയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ധർമ്മസ്ഥല കേസ് രജിസ്റ്റർ ചെയ്തത്. ധർമ്മസ്ഥലയിലെ 13 സ്ഥലങ്ങൾ പ്രത്യേകാന്വേഷണ സംഘത്തിന് ചിന്നയ്യ സാക്ഷ്യമായി ചൂണ്ടിക്കാണിച്ചെങ്കിലും പരിശോധനകളിൽ വെളിപ്പെടുത്തലിന് അനുയോജ്യമായ തെളിവുകൾ ഒന്നും കണ്ടെത്താനായിരുന്നില്ല.

Related Posts