തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ ആശ പ്രവർത്തകരുടെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ തീരുമാനം. 266 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിക്കുന്നത്. കേരളപ്പിറവി ദിനമായ നാളെ സമരം അവസാനിപ്പിക്കുന്നതായി ആശ പ്രവർത്തകർ പ്രഖ്യാപിക്കും. എന്നാൽ ജില്ലാ തലത്തിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശമാർ തീരുമാനിച്ചിരിക്കുന്നത്.
ആശാ സമരം സംസ്ഥാനത്തെ തൊഴിലാളി പ്രക്ഷോഭ ചരിത്രത്തിൽ ഒരു ഐതിഹാസിക അധ്യായമാണ്. പ്രവർത്തകരുടെ മാസ ഓണറേറിയം 7,000 രൂപയിൽ നിന്ന് 8,000 രൂപയായി വർധിപ്പിച്ച സർക്കാർ തീരുമാനം സമര നേട്ടമായിട്ടാണ് ആശമാർ വിലയിരുത്തുന്നത്. 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. എന്നാൽ 1,000 രൂപയുടെ വർധനവ് എങ്കിലും വരുത്തിയത് സമരഫലമായാണ് കാണുന്നത് എന്ന് ആശമാർ പറഞ്ഞു. ഓണറേറിയം വർധനയുടെ ക്രെഡിറ്റ് നേടാൻ സിഐടിയു ഉൾപ്പടെയുള്ള സംഘടനകൾ ശ്രമിക്കുമ്പോഴാണ് സമരസമിതിയുടെ ഈ നിർണ്ണായക തീരുമാനം. സർക്കാരിന്റെ മനോഭാവത്തിൽ മാറ്റം വരുത്തിയത് തങ്ങളുടേ സമരശക്തിയാണ് എന്നാണ് ആശ പ്രവർത്തകരുടെ ഉറച്ച നിലപാട്.
















