തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ കവർന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുള്ള സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം സ്പെഷ‍്യൽ സബ് ജയിലിലേക്കാണ് മാറ്റിയത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര‍്യത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ജുഡീഷ‍്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയത്. അപസ്മാര ബാധിതനായതിനാൽ ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും വൈദ‍്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഉള്ളതായി പ്രോസിക‍്യൂഷൻ ബോധിപ്പിക്കുകയായിരുന്നു.
അതേസമയം, ശബരിമലയിലെ ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം തട്ടിയെടുത്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തേക്കും. ഇതു സംബന്ധിച്ച് പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ്ഐടി പരിശോധിച്ചു. ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത ഭൂമിയിടപാട് രേഖകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം. പ്രത്യേക അന്വേഷണ സംഘം വീണ്ടും പോറ്റിയെ കസ്റ്റഡിയിൽ വാങ്ങും. കേരളത്തിലെ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും. കസ്റ്റഡി അപേക്ഷയിൽ ഇക്കാര്യങ്ങൾ ഉൾപ്പടെ അന്വേഷണ സംഘം മുന്നോട്ട് വയ്ക്കാനും സാധ്യതയുണ്ട്.
ബെംഗളൂരുവിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമാണ് രജിസ്റ്റർ ചെയ്തത്. സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി ബെംഗളൂരുവിൽ പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 2019ൽ ആദ്യം ദ്വാരപാലക ശിൽപ്പപാളികൾ കൊണ്ടുപോയത് ഹൈദരാബാദിലെ നരേഷിന്റെ കടയിലേക്കാണെന്ന് പ്രത്യേക അന്വേഷകസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം 2019-ൽ സ്വർണപ്പാളികൾ ഏറ്റെടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യമാണ്. അതേസമയം കേസിൽ കസ്റ്റഡിയിലെടുത്ത സ്വർണം ഉൾപ്പെടെയുള്ള തെളിവുകൾ ഉടൻ കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
















