ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ചൈന യുഎസ് വ്യാപാര കരാറിന് സാധ്യതയുണ്ടോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമയം രാവിലെ ഏഴരയോടെയാണ് ഇരു നേതാക്കളും ചർച്ച നടത്തുക.
ട്രംപുമായി മറൈൻ വൺ ഹെലികോപ്ടർ ബൂസാനിലെ ഗിംഹേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങി. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ദക്ഷിണ കൊറിയയിലെ ബൂസാൻ വേദിയാകും. ഷി ജിൻപിങ്ങും ദക്ഷിണ കൊറിയയിലെത്തിയിട്ടുണ്ട്. ഇത്തവണ ട്രംപ് അധികാരത്തിൽ എത്തിയ ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റിനെ നേരിൽ കാണുന്നത്.
എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട് റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയതും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അധിക നികുതി ഈടാക്കുന്നതിനുമിടെയാണ് രണ്ട് പ്രധാന സാമ്പത്തിക ശക്തികളുടെ ഭരണാധികാരികൾ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നത്. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച നടക്കുന്നത്.
എപെക് ഉച്ചകോടിക്ക് തൊട്ട് മുമ്പ് ചൈന അമേരിക്കയിൽ നിന്ന സൊയാബീൻ ഇറക്കുമതി ചെയ്യാൻ തയ്യാറായത് മഞ്ഞുരുകലെന്നാണ് സൂചന. എന്നാൽ അപൂർവ്വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണത്തിൽ അടക്കം ചൈനയും, ചിപ്പ് കയറ്റുമതി നിയന്ത്രണത്തിൽ അമേരിക്കയും അയവുവരുത്തുമോ എന്ന കാര്യവും ഇന്നറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക് ടോക്കിന്റെ അമേരിക്കയിലെ ലോഞ്ചിനും ചൈനയുമായി കരാറാകുമെന്ന് ട്രംപ് സൂചന നൽകിയിരുന്നു.
















