ന്യൂഡല്‍ഹി: ഗുരുവായൂരമ്പലത്തിലെ ഉദയാസ്തമയ പൂജ തുലാമാസത്തിലല്ല, വൃശ്ചികമാസ ഏകാദശിയിൽ തന്നെ വേണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് കാരണമാണ് ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റിയിരുന്നത്. തന്ത്രിയുടെ അനുമതിയോടെ മാറ്റം. എന്നാൽ ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് പൂജ മാറ്റേണ്ട കാര്യം തന്ത്രിക്ക് ഇല്ലെന്ന് സുപ്രീംകോടതി പറയുന്നു.
ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിഗ്രഹത്തിന്റെ ചൈതന്യം കുറഞ്ഞാല്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ എണ്ണം കുറയുമെന്നും ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഡിസംബര്‍ ഒന്നിനാണ് ഈ വര്‍ഷത്തെ വൃശ്ചികമാസ ഏകാദശി, അന്ന് പൂജ നടത്താനാണ് ഇടക്കാല ഉത്തരവിലൂടെ ഇപ്പോൾ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് നവംബര്‍ രണ്ടാം തീയതി നടത്താനായിരുന്നു തന്ത്രിയുടേയും ദേവസ്വം ബോർഡിന്റെയും തീരുമാനം. തന്ത്രിക്ക് ഉചിതമെന്ന് തോന്നിയാല്‍ തുലാ മാസത്തിലെ ഏകാദശി ദിവസവും പൂജ നടത്താമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ അഭിപ്രായപ്പെട്ടു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തന്ത്രി ദേവഹിതം തേടിയിരുന്നു. ദേവഹിതം അനുകൂലമാണെന്ന് കണ്ടശേഷം ആചാരപ്രകാരമുള്ള എല്ലാ നടപടികളും തന്ത്രി പൂര്‍ത്തിയാക്കിയിരുന്നതായി അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി കോടതിയെ അറിയിച്ചു. ഉദയാസ്തമയ പൂജ നിത്യപൂജ അല്ലെന്നും വഴിപാടാണെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. ആചാരങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം തന്ത്രിയുടേതാണെന്നും മാറ്റമെന്നും ദേവസ്വത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്യാമ സുന്ദരവും അഭിഭാഷകന്‍ എം.എല്‍. ജിഷ്ണുവും കോടതിയെ അറിയിച്ചു.
എന്നാല്‍, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു പൂജയാണിതെന്നും തന്ത്രിക്ക് ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ സി.എസ്. വൈദ്യനാഥന്‍, കെ.പരമേശ്വര്‍, ഗുരു കൃഷ്ണകുമാര്‍, അഭിഭാഷകന്‍ എ.കാര്‍ത്തിക് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്
















