Homepage Featured Kerala News

സംസ്ഥാനത്ത് പുതിയ ബസിന് മാത്രം പെർമിറ്റ്; മേഖലയിൽ സ്വകാര്യസംരംഭകർ കുറയുന്നു

തിരുവനന്തപുരം: കഴിഞ്ഞമാസം ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനമനുസരിച്ച് സംസ്ഥാനത്ത് പുതിയ ബസ് പെർമിറ്റിനായി പുതിയ ബസ്സുള്ളവർക്കുമാത്രമേ അപേക്ഷിക്കാനാകൂ. പുതിയ നിബന്ധന വന്ന ശേഷം ഇതുവരെ ആരും പെർമിറ്റെടുക്കാൻ എത്തിയിട്ടില്ലെന്നാണ് വിവരം. നിലവിലുള്ള പെർമിറ്റുകളിൽ 22 വർഷം പഴക്കമുള്ള ബസുകൾ വരെ ഓടിക്കാൻ അനുമതിയുണ്ടെങ്കിലും ഇവയ്ക്ക് പുതിയ റൂട്ടുകൾ ലഭ്യമാകില്ല.

നിശ്ചിതദിവസം ഒരു റൂട്ടിൽ ബസ് ഓടിച്ചാൽമാത്രമേ ലാഭനഷ്ടം വിലയിരുത്താൻ കഴിയൂ. പുതിയ ബസുവാങ്ങി ഇത്തരമൊരു പരീക്ഷണത്തിന് സ്വകാര്യ സംരംഭകർ തയ്യാറാവാത്തതാണ് അപേക്ഷകർ കുറയാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. റോഡ് നികുതി, ഇൻഷുറൻസ്, ജീവനക്കാരുടെ ശമ്പളം, ക്ഷേമനിധി, ഡീസൽ ചെലവ്, അറ്റകുറ്റപ്പണി എന്നിവ താങ്ങാനാകാത്തതിനു പുറമേ ഇത്തരമൊരു നിബന്ധന കൂടി വെച്ചതോടെയാണ് സ്വകാര്യ സംരഭകർ മേഖലയിലേക്ക് വരാതെയാകുകയാണ്. കോവിഡിനുശേഷം തകർന്ന പൊതുഗതാഗതമേഖല ശാക്തീകരിക്കാൻ ഗതാഗതവകുപ്പ് കണ്ടെത്തിയ 508 പുതിയ പാതകളിൽ സ്വകാര്യസംരംഭകർ താത്പര്യം കാണിക്കാത്തതും പുതിയ ബസ് വേണമെന്ന നിബന്ധന കാരണമാണ്.

140 മണ്ഡലങ്ങളിൽ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നടത്തിയ ജനകീയസദസ്സുകളിൽ ഉയർന്ന ആവശ്യം പരിഗണിച്ചാണ് പുതിയ റൂട്ടുകൾ തയ്യാറാക്കിയത്. അതേസമയം കാലാവധി കഴിഞ്ഞതിനെത്തുടർന്ന് പൊളിക്കേണ്ട 1100 ബസുകൾ ഓടിക്കാൻ കെഎസ്ആർടിസിക്ക് പ്രത്യേകാനുമതി സർക്കാർ നൽകിയിട്ടുണ്ട്.

2013-ൽ സംസ്ഥാനത്ത് 15,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 8000-ൽ താഴെ മാത്രമാണ് ഉള്ളത്. ബസുകളുടെ പരമാവധി ഉപയോഗ കാലാവധി ഏഴുവർഷമായ രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് പഴയ ബസുകൾ സംസ്ഥാനത്തേക്കു കൊണ്ടുവരുന്നവരുണ്ട്. ഇവയ്ക്ക് 12-15 ലക്ഷംരൂപ മുടക്കി പുതിയ ബോഡി നിർമിച്ച് റോഡിലിറക്കും. ഇതുവഴിയാണ് സ്വകാര്യമേഖല പിടിച്ചുനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Related Posts