കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നടനും ടിവികെ അധ്യക്ഷനുമായ വിജയ് നല്‍കിയ 20 ലക്ഷം രൂപ മടക്കിനല്‍കി യുവതി. അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടമായ കൊടങ്കിപ്പട്ടി സ്വദേശി സംഗവി പെരുമാളാണു (28 വയസ്) വിജയ് നല്‍കിയ പണം വേണ്ടെന്നുവച്ചത്. കരൂര്‍ അപകടത്തില്‍ മരിച്ച 41 പേരില്‍ ഒരാളാണ് സംഗവിയുടെ ഭര്‍ത്താവ് രമേശ്.
വിജയ് കരൂരിലെത്തിയ തങ്ങളെ ആശ്വസിപ്പിക്കാത്തതാണ് സംഗവിയുടെ പ്രതിഷേധത്തിനു കാരണം. അപകടശേഷം വിജയ് വീഡിയോ കോളില്‍ ബന്ധപ്പെട്ടിരുന്നു. കരൂരില്‍ നേരിട്ടെത്തി ആശ്വസിപ്പിക്കുമെന്ന് വിജയ് ഉറപ്പുനല്‍കിയിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നും സംഗവി പറഞ്ഞു.
മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് കരൂര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പരിപാടിയില്‍ സംഗവി പങ്കെടുത്തില്ല. പകരം രമേശിന്റെ വീട്ടുകാരില്‍ ചിലര്‍ പങ്കെടുത്തു. ഭാര്യ എന്ന നിലയില്‍ താനാണ് പോകേണ്ടിയിരുന്നതെന്നും എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടും തന്റെ പേര് ഉപയോഗിച്ച് മറ്റു ചിലര്‍ അവിടെ കയറിയെന്നും സംഗവി ആരോപിച്ചു.
‘ എത്ര പണം തന്നാലും എന്റെ ഭര്‍ത്താവിനെ തിരിച്ചുകിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കാന്‍ ചിലര്‍ എന്റെ വിവരങ്ങള്‍ ദുരുപയോഗിച്ചു എന്ന് മനസിലായ ഉടനെ വിജയ് സാര്‍ നല്‍കിയ 20 ലക്ഷം രൂപ ഞാന്‍ മടക്കി അയച്ചു. വിജയ് നേരിട്ടു കാണുമെന്നും അപ്പോള്‍ നഷ്ടപരിഹാരത്തുക നല്‍കുമെന്നുമാണ് ടിവികെ പ്രവര്‍ത്തകര്‍ ആദ്യം ഞങ്ങളെ അറിയിച്ചത്.
എന്നാല്‍ അതൊന്നും ഉണ്ടായില്ല. ഞങ്ങളെ അറിയിക്കാതെയാണ് ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചത്. ഞങ്ങളെ നേരില്‍ കാണാമെന്ന് അദ്ദേഹവും ഉറപ്പ് നല്‍കിയിരുന്നതാണ്. മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയതുകൊണ്ടാണ് ആ പണം ഞങ്ങള്‍ തിരിച്ചുനല്‍കിയത്,’ യുവതി മാധ്യമങ്ങളോടു പ്രതികരിച്ചു. യുവതിയുടെ തീരുമാനത്തിനു പിന്നില്‍ പ്രാദേശിക രാഷ്ട്രീയക്കാരുടെ ഇടപെടലാണെന്ന ആരോപണവുമായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
















