Homepage Featured Kerala News

വോട്ടിന് പകരമായി എന്തും ചെയ്യും, പറഞ്ഞാൽ നൃത്തം വരെ ചെയ്യും; നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

പട്‌ന: വോട്ടിനുവേണ്ടി മോദി എന്തും ചെയ്യുമെന്നും വോട്ടിന് പകരമായി നൃത്തം ചെയ്യണമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അദ്ദേഹം വേദിയില്‍ നൃത്തം ചെയ്യുമെന്നും രാഹുൽ​ഗാന്ധി പരിഹസിച്ചു. മുസാഫര്‍പുരില്‍ ആര്‍ജെഡിയുമൊത്തുള്ള സംയുക്ത തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. നിതീഷ് കുമാറിന്റെ പ്രതിച്ഛായ ഉപയോഗിച്ച് ബിഹാറിനെ ബിജെപി നിയന്ത്രിക്കുകയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം നിതീഷ് കുമാറിന്റെ ഭരണത്തെയും രൂക്ഷമായി വിമർശിച്ചു.

ഡല്‍ഹിയിലെ മലിനമായ യമുനാനദിയില്‍ ഭക്തര്‍ പ്രാര്‍ഥിക്കുമ്പോള്‍, പ്രധാനമന്ത്രി ‘പ്രത്യേകമായി നിര്‍മിച്ച’ കുളത്തില്‍ മുങ്ങിക്കുളിച്ചെന്ന് രാഹുൽ​ഗാന്ധി വിമർശിച്ചു. ഛാഠ് പൂജയിലെ ചടങ്ങുകൾക്കെത്തിയപ്പോഴുള്ള സംഭവമാണ് രാഹുൽ പറഞ്ഞത്. ‘നരേന്ദ്ര മോദി അദ്ദേഹത്തിന്റെ നീന്തല്‍കുളത്തില്‍ കുളിക്കാന്‍ പോയി. അദ്ദേഹത്തിന് യമുനാ നദിയുമായോ ഛാഠ്പൂജയുമായോ യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന് വേണ്ടത് നിങ്ങളുടെ വോട്ടുകള്‍ മാത്രമാണ്.’-രാഹുല്‍ പറഞ്ഞു.

‘അവര്‍ നിങ്ങളുടെ വോട്ടുകള്‍ കൊള്ളയടിക്കുകയാണ്. മഹാരാഷ്ട്രയിലെയും ഹരിയാണയിലെയും തിരഞ്ഞെടുപ്പുകളിൽ വോട്ടു കവർച്ച നടത്തി. ബിഹാറിലും അവര്‍ അതിനായി പരമാവധി ശ്രമിക്കും’-രാഹുൽ പറഞ്ഞു. രണ്ടുഘട്ടമായി നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നവംബര്‍ ആറിനാണ്. രണ്ടാംഘട്ടം 11-ാം തീയതി നടക്കും. നവംബര്‍ 14-നാണ് വോട്ടെണ്ണല്‍.

Related Posts