Homepage Featured Kerala News

ആ മോഹം പാഴായി; മെസ്സി വരില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും

തിരുവനന്തപുരം: അർജന്റീന ടീമും മെസ്സിയും കേരളത്തിലേക്ക് കളിക്കാനായി എത്തില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും. കഴിഞ്ഞ ദിവസം സ്പോൺസർ കൂടിയായ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അ​ഗസ്റ്റിൻ ഏപ്രിൽ എത്തുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരുന്നങ്കിലും മെസ്സി വരില്ലെന്ന് സ്ഥിരീകരിക്കുന്ന പ്രതികരണം ഇന്ന് മുഖ്യമന്ത്രി നടത്തി. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു അദ്ദേഹം മറുപടി നൽകിയത്. മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.കലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, അദ്ദേഹം വ്യക്തമാക്കി.

നിലവിൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയതെല്ലാം താറുമാറായ അവസ്ഥയിലുമെത്തി. കഴിഞ്ഞ ദിവസം മെസ്സി കേരളത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് കായിക മന്ത്രി വി അബ്ദുൾ റഹ്മാനും മടങ്ങിയത്. വലിയ തുകയ്ക്ക് ടിക്കറ്റ് വിൽപ്പന നടത്തി നഷ്ടം നികത്താനായിരുന്നു സ്പോൺസറുടെ നീക്കം. എന്നാൽ അർജന്റീന ടീം കേരളത്തിലേക്ക് എത്തില്ലെന്ന അറിയിപ്പ് എത്തിയതോടെ സ്റ്റേഡിയം നവീകരണം ഉൾപ്പടെയുള്ള കാര്യങ്ങളും അവതാളത്തിലായിരിക്കുകയാണ്.സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം വരുന്നതിന് തടസ്സമുണ്ടായതെന്നാണ് സ്‌പോൺസറുടെ വാദം.

സ്‌പോൺസർ കമ്പനിയുമായി ജിസിഡിഐക്കുള്ള കരാറിന്റെ പകർപ്പ് പുറത്തുവിടണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. മെസി വരുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയാൻ കായിക കേരളത്തിന് താത്പര്യമുണ്ട് അതിനാൽ അനിശ്ചിതത്വം മാറാൻ ജിസിഡിഎ കാര്യങ്ങൾ വിശദമാക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഉയർത്തി കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തിയിരുന്നു. നവീകരണത്തിൽ അഴിമതിയുണ്ടെന്നും കരാർ രേഖകൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടാണ് കോൺ​​ഗ്രസ് രം​ഗത്തെത്തിയത്.

പിന്നാലെ എറണാകുളം ജില്ലാ കോൺ​ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം സന്ദർശിച്ചതും വിവാദമായിരുന്നു. സ്റ്റേഡിയത്തിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് ജിസിഡിഎ കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. നവീകരണവുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തിലെ മരങ്ങൾ വൻതോതിൽ വെട്ടിയതും കച്ചവടക്കാരെ ഒഴിപ്പിച്ചതും വിവാദമായിരിക്കുകയാണ്.

Related Posts