ഗാസ: സമാധാന കരാർ ലംഘിച്ചു എന്നാരോപിച്ച് ഇസ്രായേൽ ഗാസയിൽ വീണ്ടും ആക്രമണം നടത്തി. ഹമാസ് നേതൃത്വത്തിൽ റഫയിൽ ഇസ്രയേൽ സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തിരിച്ചടി നൽകാൻ നിർദേശിച്ചത്. ആക്രമണത്തിൽ ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഗാസയിലെ അൽ-ഷിഫ ആശുപത്രിയടക്കമുള്ള സ്ഥലങ്ങൾക്കും ഐഡിഎഫ് ആക്രമണം നടത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു.
ഹമാസ് തങ്ങളുടെ സൈന്യത്തെ ആക്രമിച്ചുവെന്നും യുഎസ് മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചതാണിതെന്നും ഐഡിഎഫ് വ്യക്തമാക്കി. അതേസമയം മേഖലയിൽ വെടിനിർത്തൽ ഇപ്പോഴും നിലവിലുണ്ടെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നിലപാട്. “വെടിനിർത്തൽ എന്നത് ചെറിയ ഏറ്റുമുട്ടലുകൾ പൂർണ്ണമായി ഇല്ലാതാകുമെന്നർത്ഥമല്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഹമാസോ ഗാസയിലെ മറ്റാരെങ്കിലുമോ ആകാം. ഇസ്രയേൽ സൈനികനെ ആക്രമിച്ചതായി ഞങ്ങൾക്കറിയാം. ഇസ്രയേലികൾ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷേ പ്രസിഡന്റ് ട്രംപിന്റെ സമാധാന കരാർ നിലനിൽക്കുമെന്ന് ഞാൻ കരുതുകയാണ്’’– ജെ.ഡി.വാൻസ് പറഞ്ഞു.
















