കർണാടക: വ്യാപക നഷ്ടം വിതച്ച് മോൻത ചുഴലിക്കാറ്റ് കര തൊട്ടു. ഇന്നലെ അർധരാത്രിയോടെ മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ ആന്ധ്ര തീരത്താണ് കര തൊട്ടത്. മുൻകരുതലിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാൽ വലിയ രീതിയിൽ മരണം ഒഴിവായി. എങ്കിലും ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ പല ഇടങ്ങളിലായി ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
43,000 ഹെക്ടറിലധികം കൃഷി നശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. വൈദ്യുതി മേഖലയിൽ ഏകദേശം 2,200 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സബ്‌സ്റ്റേഷനുകളും ട്രാൻസ്‌ഫോർമറുകളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വ്യാപകമായി തകർന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. 20 ട്രെയിനുകൾ റദ്ദാക്കുകയും വിശാഖപട്ടണത്തിൽ നിന്നുള്ള 32 വിമാനങ്ങളും വിജയവാഡയിൽ നിന്നുള്ള 16 വിമാനങ്ങളും റദ്ദാക്കുകയും ചെയ്തു.
35,000ത്തിൽ അധികം ആളുകൾ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി. ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം തുടങ്ങിയ ജില്ലകളിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. എന്നാൽ കാറ്റിന്റെ ശക്തി കുറയുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
















