Homepage Featured Kerala News

മൊബൈല്‍ ഫോണ്‍ വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കാമോ?

ട്രെയിനില്‍ വാതില്‍ക്കല്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടിട്ടില്ലേ? ട്രെയിനില്‍ വെച്ച് അശ്രദ്ധയോടെയും അലസമായും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ പുറത്തേക്ക് വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ കൈയില്‍ നിന്നും ഫോണ്‍ ട്രെയിനിനു പുറത്തേക്ക് വീണാല്‍ അപായച്ചങ്ങല വലിക്കാമോ? ഒരിക്കലും അങ്ങനെ ചെയ്യരുതെന്നാണ് ആര്‍പിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഓടുന്ന ട്രെയിനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പുറത്തേക്ക് തെറിച്ചു വീണാല്‍ ഉടന്‍തന്നെ അപായച്ചങ്ങല (Alarm Chain) വലിക്കരുതെന്ന് റെയില്‍വെ സംരക്ഷണ സേന (ആര്‍പിഎഫ്) യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ ചെയ്താല്‍ പിഴയും തടവും ലഭിക്കാം. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ അപായച്ചങ്ങല വലിച്ചാല്‍ 1,000 രൂപ പിഴയോ, ഒരു വര്‍ഷം വരെ തടവോ, അല്ലെങ്കില്‍ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആര്‍പിഎഫ് വൃത്തങ്ങള്‍ പറയുന്നത്. യാത്രക്കാര്‍ അശ്രദ്ധമായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാളങ്ങളിലേക്ക് വീഴുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ആര്‍പിഎഫിന്റെ ഈ നിര്‍ദ്ദേശം.

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീഴുകയാണെങ്കില്‍ ആ വീണ സ്ഥലം കൃത്യമായി ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്. ഉടന്‍ തന്നെ റെയില്‍വെ ഹെല്‍പ് ലൈന്‍ നമ്പറായ 139 ലോ ആര്‍പിഎഫ് ഹെല്‍പ് ലൈന്‍ നമ്പറായ 182 ലോ വിളിക്കുക. ട്രെയിന്‍ നമ്പര്‍, സീറ്റ് നമ്പര്‍, യാത്രക്കാരന്റെ തിരിച്ചറിയല്‍ രേഖ വിവരങ്ങള്‍, ഫോണ്‍ നഷ്ടമായ സ്ഥലം എന്നിവ സഹിതം പരാതി നല്‍കണം. തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും നഷ്ടമായ സാധനം കണ്ടെത്തിയാല്‍ ഉടമസ്ഥനു തിരിച്ചുനല്‍കുകയും ചെയ്യും.

അതേസമയം മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍, പണം മുതലായവ മോഷ്ടിക്കപ്പെടുകയാണെങ്കില്‍, ട്രെയിന്‍ നിര്‍ത്തുന്നതിനായി അപായച്ചങ്ങല വലിക്കുന്നതില്‍ തെറ്റില്ലെന്നും ആര്‍പിഎഫ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Related Posts