Homepage Featured Kerala News

അടിമാലി മണ്ണിടിച്ചിൽ: അടിയന്തര ശസ്ത്രക്രിയ വിഫലം, സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി

ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ ഫലപ്രദമാകാത്തതിനാലാണ് കാൽ മുറിച്ചുമാറ്റേണ്ടി വന്നത്. സന്ധ്യ ഇപ്പോൾ ആലുവയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടസമയത്ത് തകർന്ന വീട്ടിൽ മണിക്കൂറുകളോളം സന്ധ്യയും ഭർത്താവും കുടുങ്ങിക്കിടന്നിരുന്നു. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരണപ്പെട്ടിരുന്നു.

അടിമാലി കൂമ്പൻ പാറയിലെ ലക്ഷം വീട് പ്രദേശത്താണ് ശനിയാഴ്ച രാത്രി പത്തരയോടെ മണ്ണിടിച്ചിൽ ഉണ്ടായത്. ദേശീയപാതയ്ക്ക് സമീപമുള്ള കൂറ്റൻ കുന്ന് ഇടിഞ്ഞ് താഴേക്ക് പതിച്ചതിനെ തുടർന്ന് ബിജുവിന്റേത് ഉൾപ്പടെ ആറ് വീടുകൾ മണ്ണിനടിയിലായി. അപകടസാധ്യത കണ്ട് മുൻകൂട്ടി 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതിനാൽ വൻദുരന്തം ഒഴിവായി. ദേശിയപാതയ്ക്കായി അശാസ്ത്രിയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണം എന്നാണ് ആരോപണം.

മഴയെ തുടർന്ന് നേരത്തെ തന്നെ പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആഹാരം കഴിക്കാനായി രാത്രിയിൽ വീട്ടിലേക്ക് പോകുകയായിരുന്നു ബിജുവും ഭാര്യ സന്ധ്യയും. ആ സമയത്താണ് അപകടമുണ്ടായത്. വീടിൻറെ കോൺക്രീറ്റ് പാളികളിൽ കുടുങ്ങിയ ഇവരെ രക്ഷിക്കാനുള്ള ശ്രമം അർധരാത്രിയോളം നീണ്ടു. മണിക്കൂറുകളുടെ പരിശ്രമങ്ങൾക്ക് ഒടുവിൽ പുലർച്ചെ മൂന്നരയോടെ സന്ധ്യയെ ജീവനോടെ പുറത്തെടുത്തു. ബിജുവിനെ പുലർച്ചെ നാലരയോടെ ജീവനോടെ പുറത്തെടുത്തെടുത്തെങ്കിലും ആശുപത്രി മധ്യേ മരണപ്പെടുകയായിരുന്നു.

Related Posts