Homepage Featured India News

കരൂര്‍ അപകടത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളെ റിസോര്‍ട്ടിലേക്ക് വിളിപ്പിച്ച് വിജയ്; സംസാരിക്കുന്നതിനിടെ കരഞ്ഞു !

ടനും ടിവികെ പാര്‍ട്ടി അധ്യക്ഷനുമായ വിജയ് കരൂര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ മഹാബലിപുരത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വിജയ് ക്ഷണിച്ചതു പ്രകാരം 37 പേരുടെ കുടുംബാംഗങ്ങള്‍ റിസോര്‍ട്ടില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. വിജയ് അധ്യക്ഷനായ ടിവികെ പാര്‍ട്ടിയുടെ റാലിക്കിടെയാണ് കരൂരില്‍ അപകടമുണ്ടായതും 41 പേര്‍ കൊല്ലപ്പെട്ടതും.

റിസോര്‍ട്ടില്‍ 46 മുറികള്‍ വിജയ് ബുക്ക് ചെയ്തിരുന്നു. ഞായറാഴ്ച മുതലാണ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ റിസോര്‍ട്ടില്‍ എത്തി തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ റിസോര്‍ട്ടില്‍ എത്തിയവരുമായി വിജയ് സംസാരിക്കാന്‍ തുടങ്ങി. ഇന്നലെ രാത്രി വരെ വിജയ് അവിടെ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കരൂരിലേക്ക് വരാന്‍ താല്‍പര്യമുണ്ടായിരുന്നെന്നും എന്നാല്‍ സാധ്യമായില്ലെന്നും വിജയ് പറഞ്ഞു. അപകടം നടന്ന് ഒരു മാസത്തിനു ശേഷമാണ് അപകടത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളെ വിജയ് കാണുന്നത്.

എല്ലാവരെയും റിസോര്‍ട്ടിലെ ഹാളില്‍ ഇരുത്തി. വിജയ് ഒരു സ്വകാര്യ മുറിയില്‍ ആയിരുന്നു. അവിടേക്ക് ഓരോ കുടുംബാംഗങ്ങളെയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിളിക്കും. ചിലരോടു അരമണിക്കൂര്‍ വരെ വിജയ് കാര്യങ്ങള്‍ തിരക്കിയെന്നും ദ് പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ ഹൃദയം തകര്‍ന്നാണ് അദ്ദേഹം നിന്നിരുന്നത്. സംസാരിക്കുമ്പോള്‍ കരയുന്നുണ്ടായിരുന്നു,’ വിജയുമായി സംസാരിച്ച ഒരു വ്യക്തി വെളിപ്പെടുത്തി. ‘ ഓരോ കുടുംബത്തെയും ആശ്വസിപ്പിച്ച നടന്‍, ചികിത്സാച്ചെലവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും തൊഴില്‍ നല്‍കുമെന്നും ഉറപ്പു നല്‍കി.

‘ഞങ്ങളുടെ കുടുംബങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്തു തരേണ്ടതെന്ന് വിജയ് ചോദിച്ചു. എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമായി. പെട്ടന്ന് ചോദിക്കാന്‍ എനിക്ക് ആവശ്യങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹത്തിനു ഞാന്‍ മറുപടി നല്‍കി,’ വിജയുമായുള്ള സംസാരത്തെ കുറിച്ച് ഒരാള്‍ വെളിപ്പെടുത്തി.

അപകടത്തിനു പിന്നാലെ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 20 ലക്ഷം വീതം വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഈ തുക ഇരകളുടെ കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയ ശേഷമാണ് വിജയ് കൂടിക്കാഴ്ച ഒരുക്കിയത്.

Related Posts