തിരുവനന്തപുരം: ബിഹാറിൽ നടപ്പിലാക്കുകയും കേരളത്തിലടക്കം രണ്ടാംഘട്ടത്തിൽ നടപ്പിലാക്കാനൊരുങ്ങുകയും ചെയ്യുന്ന എസ്ഐആർ ഭരണഘടനാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റ ലംഘനമാണിതെന്ന് മുഖ്യമന്ത്രി പറയുന്നു. പൗരന്റെ മൗലിക അവകാശങ്ങൾ രാഷ്ട്രീയ താല്പര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവമാധ്യമ കുറിപ്പിലൂടെയാണ് പിണറായി വിജയൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
‘ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്റെ പൂര്‍ണമായ ലംഘനമാണ് ബീഹാറില്‍ നടന്നതും ഇനി രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാന്‍ പോകുന്നതുമായ എസ് ഐ ആര് പ്രക്രിയ. പൗരന്റെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താല്പര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാന്‍ പറ്റുന്നതല്ല.’-പിണറായി വിജയൻ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആര്)യുടെ അടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇത് ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ് ഐ ആര് പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറയുന്നു.
“വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും” എന്നതായിരുന്നു 2024-ലെ വോട്ടര്‍ ദിന സന്ദേശമെന്നും അത് പ്രചരിപ്പിച്ചവര്‍ തന്നെയാണ് ബിഹാറില്‍ 65 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതെന്നും പിണറായി വിജയൻ തന്റെ ഫേസ്ബുക്കിലെ കുറിപ്പിൽ പറയുന്നു.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ് ഐ ആര് പ്രക്രിയ വഴി ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതല്‍ ശക്തമാവുകയാണെന്നും തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കമാണ് എസ് ഐ ആറിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നതെന്ന വിമര്‍ശനം ഒരുതരത്തിലും കേന്ദ്രം നിഷേധിച്ചിട്ടില്ലെന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബീഹാര്‍ എസ്ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നു വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്ന് കമ്മീഷന് പിന്തിരിയണം. പിണറായി വിജയൻ ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചു കൂടെന്നും അദ്ദേഹം പറഞ്ഞു.
‘എസ്ഐആറിനെതിരെ നിയമസഭയില്‍ യോജിച്ചു പ്രമേയം പാസ്സാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാം ഘട്ട എസ് ഐ ആര് പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണം.’- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിലവിലുള്ള വോട്ടര്‍ പട്ടികയ്ക്കു പകരം 2002 – 2004 ഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്ര പരിഷ്കരണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടര്‍ റജിസ്ട്രേഷന് ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടര്‍പട്ടിക പുതുക്കേണ്ടത്.
















