പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടുത്ത നിലപാട് സ്വീകരിച്ച് പ്രത്യേക അന്വേഷണസംഘം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ആവശ്യപ്പെട്ട രേഖകൾ ഉടൻ സമർപ്പിക്കാത്ത പക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നാണ് എസ്ഐടി മുന്നറിയിപ്പ് നൽകിയത്. ഇനി സാവകാശം അനുവദിക്കാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
1999ൽ വിജയ് മല്യ ദ്വാരപാലക ശില്പങ്ങൾ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടൻ ലഭ്യമാക്കണമെന്ന് എസ്ഐടി നിർദേശിച്ചു. ശബരിമലയിലെ മരാമത്ത് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണത്തിന് നിർണായകമാണെന്ന് സംഘം വ്യക്തമാക്കി. രേഖകൾ വൈകിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. എസ്ഐടി അദ്ദേഹത്തിന്റെ കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം മുരാരി ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ പദ്ധതി. ഇതിലൂടെ കേസിലെ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഒക്ടോബർ 30ന് അവസാനിക്കും.
















