Homepage Featured News World

​ഗാസയിൽ പാക് സൈനികർ; ബഫർ ഫോഴ്സായി പ്രവർത്തിക്കും, യുഎസുമായും ഇസ്രായേലുമായും ധാരണയായെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ഗാസയിൽ ഇരുപതിനായിരത്തോളം സൈനികരെ വിന്യസിക്കാൻ മൊസാദുമായും സിഐഎയുമായും പാകിസ്താൻ ധാരണയായെന്ന് റിപ്പോർട്ട്. ഗാസയിൽ ശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രദേശത്ത് സ്ഥിരത കൊണ്ടുവരികയും ലക്ഷ്യമാണ്. 

കരാർ പ്രകാരം യുദ്ധാനന്തര ഗാസയിലെ ഭരണ നിർവ്വഹണത്തിനായി പരിഗണിക്കപ്പെടുന്ന ഇന്തോനേഷ്യ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്നാകും പാക്കിസ്ഥാന്റെ പ്രവർത്തനം. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ഉന്നതോദ്യഗസ്ഥരുമായും യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ ഉദ്യോഗസ്ഥരുമായും പാക് സൈനിക മേധാവി അസിം മുനീർ ഈജിപ്തിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായും ഇതിനു പിന്നാലെയാണ് സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിലേക്ക് പാകിസ്താൻ കടന്നതെന്നുമാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇസ്രയേലിനെ പാക്കിസ്ഥാൻ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിരുന്നില്ല. ധാരണ പ്രകാരം, ഇസ്രയേലിനും ഗാസയ്ക്കുമിടയിൽ പാക് സേന ‘ബഫർ ഫോഴ്സ്’ ആയാണ് പ്രവർത്തിക്കുക. പുനർനിർമ്മാണത്തിന് സൗകര്യമൊരുക്കുന്നതിനൊപ്പം ഭരണനിർവഹണത്തിന് സുരക്ഷാകവചമായും പാക്കിസ്ഥാൻ സേന പ്രവർത്തിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു

ഇതിനു പകരമായി പാക്കിസ്ഥാന് സാമ്പത്തിക പാക്കേജുകൾ ലഭിക്കും. ലോക ബാങ്ക് വായ്പാ ഇളവ്, തിരിച്ചടവിന് കൂടുതൽ ഗഡുക്കൾ തുടങ്ങിയവയടക്കം പലതരം സാമ്പത്തിക സഹായങ്ങൾ പാകിസ്താന് ഇസ്രയേലും അമേരിക്കയും വാഗ്ദാനം ചെയ്തതായി റിപ്പോർട്ട് പറയുന്നു.

അമേരിക്കയുടേയും ഇസ്രയേലിന്റെയും താൽപര്യം നിറവേറ്റുന്നതിനുള്ള നീക്കമായാണ് തുർക്കി, ഖത്തർ, ഇറാൻ അടക്കമുള്ള രാജ്യങ്ങൾ ഇതിനെ കാണുന്നത്. അമേരിക്കയും ഇസ്രയേലും പാകിസ്താൻ സൈന്യത്തെ ഗാസയിൽ ഉപകരണമായി ഉപയോഗിക്കുകയാണെന്നും സാമ്പത്തികമായി അരക്ഷിതാവസ്ഥയിലുള്ള പാകിസ്താന് ഇത് അതിജീവനത്തിന്റെ വിലപേശലാണെന്നും വിലയിരുത്തുന്നുണ്ട്.

Related Posts